സംസ്ഥാനത്തൊട്ടാകെ, 19 ലക്ഷം ഇന്തപ്പനകൾ വച്ചുപിടിക്കാനൊരുങ്ങി ഒഡീഷ സർക്കാർ. ഇടിമിന്നൽ മൂലമുള്ള മരണങ്ങൾ തടയുന്നതിന് വേണ്ടിയാണ് ഒഡീഷ സർക്കാരിന്റെ ഈ തീരുമാനം. എങ്ങനെയാണ് ഇന്തപ്പനകൾ മിന്നലിനെ പ്രതിരോധിക്കുന്നതെന്നല്ലേ.. മറ്റ് മരങ്ങളെ താരതമ്യപ്പെടുത്തി നോക്കുമ്പോൾ പനമരങ്ങളുടെ മിന്നൽ ചാലക ശക്തി വിഭിന്നമാണ്. ഇവയുടെ തടിക്ക് ഈർപ്പം കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവയുടെ തടി മിന്നലിനെ ആഗിരണം ചെയ്യുകയും ഭൂമിയിലേയ്ക്കുള്ള അതിനെറ സ്വാധീനം കുറയ്ക്കുകയും ചെയ്യുന്നു. ഇവയുടെ ഉയരമാണ് മിന്നലിനെ പ്രതിരോധിക്കാനുള്ള മറ്റൊരു കാരണം.
ഏഴ് കോടി രൂപയാണ് ഒഡീഷ സ്‌പെഷ്യൽ റിലീഫ് കമ്മീഷണറുടെ ഓഫീസ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പനമരങ്ങൾ മുറിക്കുന്നത് സർക്കാർ നിരോധിച്ചിട്ടുണ്ട്. ഇത്‌നോടൊപ്പം 19 ലക്ഷം പനമരങ്ങൾ വനത്തിന്റെ അതിർത്തികളിൽ നട്ടുപിടിപ്പിക്കാനും തിരുമാനമായി.
2015ലാണ് ഒഡീഷ സർക്കാർ ഇടിമിന്നൽ കാരണം സംസ്ഥാനത്ത് നടക്കുന്ന നാശനഷ്ടങ്ങളെ നിർദ്ദിഷ്ട ദുരന്തമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ 11 വർഷത്തിനിടെ, 3790 പേർക്കാണ് ഇടിമിന്നലേറ്റ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം 791 പേർ ഇടിമിന്നലേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് രണ്ട് മണിക്കൂറിനുള്ളിൽ 61000 ഇടിമിന്നലുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
2021- 2022 വർഷങ്ങളിൽ 282 പേരും 2022- 2023 വർഷങ്ങളിൽ 297 പേരും ഇടിമിന്നലേറ്റ് മരിച്ചു. 23-24ൽ 212 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടംബങ്ങൾക്ക് നാല് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. ഒഡീഷയുടെ പാരിസ്ഥിതികമായ കിടപ്പാണ് സംസ്ഥാനത്ത് ഇത്രയധികം ഇടിമിന്നൽ ബാധിക്കാൻ കാരണം. ഉഷ്ണമേഖല പ്രദേശത്താണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ ഇവിടെ പെട്ടെന്ന് മിന്നൽ ആക്രമണങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു.
Discussion about this post