ന്യൂഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയിൽ അഭയം നൽകിയതിന് കേന്ദ്രത്തെ പ്രശംസിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ . അയൽരാജ്യത്തെ അധികാരമാറ്റം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാപ്പെടാനില്ല എന്നും അദ്ദേഹം പറഞ്ഞു.
ഷെയ്ഖ് ഹസീനയെ സഹായിച്ചില്ലെങ്കിൽ, അത് ഇന്ത്യയ്ക്ക് അപമാനമായേനെ. ഷെയ്ഖ് ഹസീന ഇന്ത്യയുടെ സുഹൃത്താണ്. നമ്മുടെ സുഹൃത്തിനോട് മോശമായി പെരുമാറിയിരുന്നെങ്കിൽ ആരും നമ്മുടെ സുഹൃത്താകാൻ ആഗ്രഹിക്കില്ലായിരുന്നു. ഷെയ്ഖ് ഹസീനുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ശരിയായ കാര്യങ്ങളാണ് ചെയ്തത് എന്നും ശശി തരൂർ പറഞ്ഞു.
ഞങ്ങൾ ബംഗ്ലാദേശിലെ ജനങ്ങൾക്കൊപ്പമാണ്. 1971 ൽ ഞങ്ങൾ അവരോടൊപ്പമായിരുന്നു. ഞങ്ങളോട് സൗഹൃദം പുലർത്താത്ത സർക്കാരുകൾ അവർക്കുണ്ടായിരുന്നപ്പോഴും, ഞങ്ങളുടെ ബന്ധം കൂടുതൽ മികച്ച രീതിയിൽ തന്നെ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. തീർച്ചയായും വരും കാലങ്ങളിൽ ആ ബന്ധത്തിൽ ഒരു തകർച്ചയും ഉണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും ഗ്രാമീൺ ബാങ്ക് സ്ഥാപകനുമായ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിൽ ആശങ്കപ്പെടാനില്ല. എനിക്ക് മുഹമ്മദ് യൂനസിനെ വ്യക്തിപരമായി അറിയാം. അദ്ദേഹവുമായി അടുത്ത ബന്ധം ഉള്ള ആളാണ് താൻ. അദ്ദേഹം വളരെ ആദരണീയനായ വ്യക്തിയാണ് എന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
പാകിസ്താനും ചൈനയും കലക്കവെള്ളത്തിൽ മീൻ പിടിക്കുമോ എന്നതാണ് ഇന്ത്യയുടെ വലിയ ആശങ്ക . പ്രക്ഷോഭത്തിനിടെയുണ്ടായ ചില അക്രമ സംഭവങ്ങളിൽ പാകിസ്താൻ ഐഎസ്‌ഐക്ക് പങ്കുണ്ടാകാൻ സാധ്യതയുണ്ട്. ബംഗ്ലാദേശിൽ ശക്തമായ സാന്നിധ്യമുള്ള ചൈനക്കാർ ഇത് വിപുലീകരിക്കാനുള്ള അവസരമായി കണ്ടിരിക്കാം. എന്നാൽ ഇടക്കാല സർക്കാരിന്റെ ഘടനയിലോ യൂനസിന്റെ പ്രാരംഭ പ്രസ്താവനകളിലോ ഞങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന യാതൊന്നും തീർച്ചയായും ഇല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെ സമാധാനത്തിനും സംരക്ഷണത്തിനും ഇടക്കാല സർക്കാർ കൂടുതൽ ശ്രദ്ധ നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post