എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ഒരു വെളിച്ചം പോലെ ചിലർ വന്നെത്തും. അങ്ങനെ എന്റെ ജീവിതത്തിൽ കൈത്താങ്ങായി വന്നതാണ് അമലാ പോൾ എന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. കടാവർ സിനിമയിറങ്ങി ഇന്ന് രണ്ടു വർഷം തികയുന്നു. വർഷങ്ങൾക്ക് മുന്നേ ചെന്നൈയിൽ വച്ച് ഈ സിനിമ പ്രൊഡ്യൂസ് ചെയ്യാം എന്ന് പറഞ്ഞു കൈ തന്ന് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് അമലാ പോളാണ്. എന്റെ ജീവിതത്തിലെ മനുഷ്യ ദൈവത്തോട് മനസ്സ് കൊണ്ട് ഞാൻ നന്ദി പറയുന്നു എന്ന് ഇൻസ്റ്റഗ്രാമിൽ അഭിലാഷ് പിള്ള കുറിച്ചു.
ദൈവം മനുഷ്യ രൂപത്തിൽ നമുക്ക് ആവശ്യമുള്ള സമയത്ത് വന്നെത്തുമെന്ന അനുഭവത്തിന്റെ പുറത്താണ് മാളിക്കപ്പുറം സിനിമയിൽ താൻ ആ ഡയലോഗ് ചേർത്തത് എന്നും അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു. ജീവിതത്തിൽ തകർന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് കൈത്താങ്ങായി അമല എത്തിയത്. അന്ന് അമല വന്നില്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ജീവിതത്തിൽ സിനിമയെന്ന സ്വപ്നം തന്നെ ഉപേക്ഷിക്കേണ്ടി വന്നേനെ . ഒരുപാട് മോശം അവസ്ഥയിലൂടെ കടന്ന് പോയി. സിനിമ മുടങ്ങി ചെന്നൈക്ക് വണ്ടി കയറിയപ്പോൾ മനസ്സിൽ ഒരു പ്രതീക്ഷയും ഇല്ലാരുന്നു. എന്നാൽ തോറ്റു പോയി എന്ന് ഉറപ്പിച്ച നിമിഷത്തിൽ നിന്ന് ജയിച്ചു കാണിക്കാനുള്ള ധൈര്യം തന്നത് അമലയാണ് എന്നും അദ്ദേഹം പറഞ്ഞു.
മോർച്ചറിയിൽ പഠനവിധേയമാക്കുന്ന ശവശരീരങ്ങളെയാണ് കടാവർ എന്ന് പറയുന്നത്. കഥയിൽ ഇത്തരം ശവശരീരങ്ങൾക്ക് വലിയ പ്രാധാന്യമുള്ളതിനാലാണ് സിനിമയ്ക്കും ആ പേര് വന്നത്. അമലാ പോൾ ഇതുവരെ അഭിനയിച്ചിട്ടുള്ള വേഷങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു ചിത്രത്തിലെ ഭദ്ര. താരത്തിന്റെ അഭിനയജീവിതത്തിൽ എക്കാലവും ശ്രദ്ധിക്കപ്പെടുന്ന സിനിമയാണ് കടാവർ.
Discussion about this post