ഇടുക്കി: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാർ ഡാമിനെ കുറിച്ചുള്ള ആശങ്ക സമൂഹമാദ്ധ്യമങ്ങളിൽ വലിയരീതിയിൽ ചർച്ചയായിരുന്നു. ഡാമിപ്പോൾ പൊട്ടും എന്ന രീതിയിലായി ചർച്ചകളുടെ പോക്ക്. ഇപ്പോഴിതാ മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
ഡാം തുറക്കേണ്ടി വന്നാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യുമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യാൻ ഇടുക്കി കളക്ടറേറ്റിൽ ചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹ മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കാൻ പോലീസിന് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. അനാവശ്യ ഭീതിപരത്തുന്ന വ്ളോഗർമാരെ നിയന്ത്രിക്കും. ആശങ്കപ്പെടണ്ട ഒരു കാര്യവും നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.സുരക്ഷാ മുൻകരുതൽ സംബന്ധിച്ച മുന്നൊരുക്ക പദ്ധതി തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകാനും ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തി.
Discussion about this post