അമേരിക്കയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് ഇന്ത്യൻ യൂട്യൂബർ. 22 കാരനായ ഇഷാൻ ശർമ്മ എന്ന യൂട്യൂബറാണ് അമേരിക്കയിലുള്ള ഹോട്ടൽ ജീവനക്കാരുടെ മര്യാദയില്ലാത്ത പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞത്. ലാസ് വെഗാസിലെ പ്രമുഖ ഹോട്ടലായ സീസേഴ്‌സ് പാലസ് ഹോട്ടലിലാണ് സംഭവം നടന്നത്. ക്ഷീണിച്ച് അവശനായി ഹോട്ടലിലെത്തിയ താൻ ഒരു ഗ്ലാസ് വെള്ളം ചോദിച്ചപ്പോൾ 1258 രൂപ അടയ്ക്കാനാണ് ഹോട്ടൽ ജീവനക്കാർ തന്നോട് പറഞ്ഞത് എന്ന് യൂട്യൂബർ പറയുന്നു. ഇതോടൊപ്പം ടാറ്റയുടെ ഉടമസ്ഥതയിലുള്ള താജ് ഹോട്ടലിനെ യുവാവ് വാനോളം പുകഴ്ത്തുകയും ചെയ്തു.
പുലർച്ചെ രണ്ട് മണിയോടെയാണ് ഇഷാൻ ഹോട്ടലിലെത്തിയത്. വിമാന യാത്രകഴിഞ്ഞ് ക്ഷീണിച്ചെത്തിയ ഇഷാന്റെ ലഗേജ് എടുത്ത് സഹായിക്കാൻ പോലും അവിടെയുണ്ടായിരുന്ന ജീവനക്കാർ തയ്യാറായില്ല. തുടർന്ന് യുവാവ് അവരോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. എന്നാൽ 14.99 ഡോളർ (1258 ഇന്ത്യൻ രൂപ) കൊടുത്ത് 200 എംഎല്ലിന്റെ വെള്ളം കുപ്പി വാങ്ങാൻ അവർ നിർദ്ദേശിക്കുകയായിരുന്നു.
തനിക്കേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു അത് എന്നും ഒരു മടിയുമില്ലാതെ ടിപ്പ് ചോദിക്കുന്ന ഹോട്ടലുകൾ അവരുടെ കസ്റ്റമേഴ്‌സിന് വെള്ളം പോലും കൊടുക്കാത്തത് മര്യാദകേടാണ് എന്നും 22 കാരൻ പറഞ്ഞു. ഹോട്ടലിൽ ഒരു രാത്രി താമസിക്കാൻ വാടക 200 ഡോളർ (16,792 ഇന്ത്യൻ രൂപ) ആണ്.
ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അവിടെ തനിക്ക് സഹാനുഭൂതി കാണാൻ കഴിഞ്ഞില്ലെന്നും യുവാവ് ചൂണ്ടിക്കാട്ടി. പോസ്റ്റിൽ സിസേഴ്‌സ് ഹോട്ടലിനെ ടാഗ് ചെയ്ത യുവാവ്, ഹോട്ടൽ റിസപ്ഷന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
Discussion about this post