ന്യൂഡൽഹി: ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് രാജ്യത്ത് 4 ജി സേവനം തുടങ്ങി. വിവിധ സംസ്ഥാനങ്ങളിൽ 4 ജി സേവനം ലഭിക്കുന്നുണ്ടെന്നാണ് ടെലി കമ്യൂണിക്കേഷൻ വിഭാഗം വ്യക്തമാക്കുന്നത്. മൊബൈൽ ഫോണുകളിൽ സേവനം ലഭ്യമാകുന്നത് സംബന്ധിച്ച സ്‌ക്രീൻ ഷോട്ടുകളും വിഭാഗം പങ്കുവയ്ക്കുന്നുണ്ട്.
നെറ്റ്‌വർക്ക് വേഗത വർദ്ധിപ്പിക്കുന്നതിനായി രാജ്യവ്യാപകമായി ടവറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ എത്തിയതായി ടെലികമ്യൂണിക്കേഷൻ വിഭാഗം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 4 ജി ലഭ്യമായി തുടങ്ങിയെന്ന് അറിയിക്കുന്നത്. കഴിഞ്ഞ ദിവസം മുതലാണ് സേവനം ലഭ്യമായി തുടങ്ങിയത്. അധികം വൈകാതെ രാജ്യവ്യാപകമായി സേവനം ലഭ്യമായി തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. ഏഴോ എട്ടോ മാസങ്ങൾക്കുള്ളിൽ ബിഎസ്എൻഎൽ 5 ജി സേവനവും ആരംഭിക്കും. അതോടെ കുറഞ്ഞ നിരത്തിൽ വേഗതയുള്ള ഇന്റർനെറ്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാം.
കഴിഞ്ഞ കുറച്ച് നാളുകളായി 4 ജി, 5 ജി സേവനം ലഭ്യമാക്കുന്നതിനുള്ള നീക്കത്തിൽ ആയിരുന്നു ബിഎസ്എൻഎൽ. അടുത്തിടെ മറ്റ് മൊബൈൽ കമ്പനികൾ താരിഫ് വർദ്ധിച്ചതോടെ ഉപഭോക്താക്കൾ കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാൻ ആരംഭിച്ചു. ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതോടെ ബിഎസ്എൻഎൽ 4 ജി സേവനം ലഭ്യമാക്കുന്നതിനുള്ള നീക്കങ്ങൾ വേഗത്തിലാക്കുകയായിരുന്നു. മാസങ്ങൾ കൊണ്ട് തന്നെ രാജ്യവ്യാപകമായി 15,000 ടവറുകളുടെ പണിയാണ് ബിഎസ്എൻഎൽ പൂർത്തിയാക്കിയത്.
അതേസമയം രാജ്യം ഇനി 6 ജി സേവനം ലഭ്യമാക്കുന്നതിനായുള്ള ആലോചനയാണ് നടത്തുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ആയിരുന്നു അദ്ദേഹം ഇതേക്കുറിച്ച് സൂചന നൽകിയത്. ശാസ്ത്ര, സാങ്കേതിക രംഗത്ത് ഇന്ത്യ കുതിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post