ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പ് നൽകി ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ നേതാവ് മുഹമ്മദ് യൂനസ്. നരേന്ദ്ര മോദിയെ നേരിട്ട് ഫോണിൽ വിളിച്ചാണ് മുഹമ്മദ് യൂനസ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് മുഹമ്മദ് യൂനസുമായി സംസാരിച്ചതായും മോദി എക്‌സിൽ കുറിച്ചു.
‘ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് പ്രൊഫസർ മുഹമ്മദ് യൂനസിൽ നിന്നും ടെലിഫോൺ കോൾ ലഭിച്ചിരുന്നു. രാജ്യത്തെ നിലവിലുള്ള സാഹചര്യങ്ങളെ കുറിച്ച് വിലയിരുത്തി. ജനാധിപത്യപരവും സുസ്ഥിരവും സമാധാനപരവും പുരോഗമനപരവുമായ ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ ഉറപ്പ് നൽകി. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ മുഹമ്മദ് യൂനസ് ഉറപ്പ് നൽകി’- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷ സമൂഹങ്ങളുടെയും സുരക്ഷയെ കുറിച്ച് 140 ഇന്ത്യക്കാർ ആശങ്കാകുലരാണെന്ന് ഇന്നലെ നടന്ന സ്വാതന്ത്ര ദിന പ്രസംഗത്തിൽ മോദി പറഞ്ഞിരുന്നു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയിൽ നമ്മുടെ അയൽരാജ്യം നീങ്ങണമെന്നണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post