തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കെഎസ്ആർടിസിയ്ക്ക് പണം അനുവദിച്ച് ധനവകുപ്പ്. 91.53 കോടി രൂപയാണ് സർക്കാർ നൽകിയത്. വായ്പ തിരിച്ചടവിന് ഉൾപ്പെടെയാണ് പണം നൽകിയിരിക്കുന്നത് എന്ന് ധനവകുപ്പ് വ്യക്തമാക്കി.
ശമ്പളവും പെൻഷനും മുടങ്ങിയതിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഇത് പരിഹരിക്കാൻ 71.53 കോടി രൂപ കെഎസ്ആർടിസി വായ്പയായി എടുത്തിരുന്നു. ഇത് അടയ്ക്കുന്നതിനാണ് സർക്കാർ സഹായം നൽകിയത്. ബാക്കിയുള്ള 20 കോടി രൂപ സർക്കാരിനുള്ള സഹായം ആണ്. പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്നാണ് കെഎസ്ആർടിസി വായ്പ എടുത്തത്.
കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനുമടക്കം വിതരണം ചെയ്യുന്നതിന് സർക്കാർ ഈ മാസം ആദ്യം 30 കോടി രൂപ അനുവദിച്ചിരുന്നു. ഇത് കൂടാതെയാണ് അധിക തുക നൽകിയിരിക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഇതുവരെ 5868.53 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നൽകിയിരിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ പ്രതിമാസം സർക്കാർ കോർപ്പറേഷന് 50 കോടി രൂപയാണ് നൽകിവരുന്നത്.
Discussion about this post