പത്തനംതിട്ട: ശബരിമല സന്നിദ്ധാനത്തിന് കുളത്തിന് സ്ഥാനം കണ്ടെത്തി. സ്ഥാനം നിർണയിച്ചതോടെ കുളത്തിന്റെ നിർമ്മാണത്തിനായി തറക്കല്ലിട്ടു. ക്ഷേത്രത്തിന്റെ വടക്ക്- കിഴക്കേ ഭാഗത്ത് മീനം രാശിയിലാണ് പുതിയ കുളത്തിന് സ്ഥാനം ആയിരിക്കുന്നത്.
വാസ്തുവിദ്യ വിദ്യ വിജ്ഞാന കേന്ദ്രം അദ്ധ്യക്ഷൻ കെ. മുരളീധരനാണ് സ്ഥാനം കണ്ടത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് ആണ് കല്ലിട്ടത്. കുളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത ദിവസം മുതൽ ആരംഭിക്കും. അടുത്ത വൃശ്ചിക മാസത്തോടെ കുളത്തിന്റെ നിർമ്മാണം പൂർത്തിയാകും. കുളത്തിന് പുറമേ കാനന ഗണപതിയ്ക്കും സ്ഥാനം കണ്ടിട്ടുണ്ട്.
നിലവിൽ ക്ഷേത്രത്തിന്റെ പിൻഭാഗത്തായിട്ടാണ് ഭസ്മക്കുളം ഉള്ളത്. ഇത് ശരിയായ സ്ഥനത്ത് അല്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് പുതിയ കുളം നിർമ്മിക്കാൻ തീരുമാനിച്ചത്. സന്നിധാനത്ത് നിർമ്മിക്കുന്ന മൂന്നാമത്തെ കുളമാണ് ഇത്. ക്ഷേത്രത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആയി കുംഭം രാശിയിൽ ആയിരുന്നു യഥാർത്ഥ ഭസ്മക്കുളം ഉണ്ടായിരുന്നത്. എന്നാൽ 1987 ൽ ഇത് മൂടി മേൽപ്പാലം നിർമ്മിക്കുകയായിരുന്നു. അതിന് ശേഷമാണ് രണ്ടാമത്തെ കുളം ക്ഷേത്രത്തിന് പിന്നിലായി നിർമ്മിച്ചത്.
Discussion about this post