പെട്രോളിയം മുതൽ ടെലികമ്യൂണിക്കേഷൻ വരെയും ഊർജ മേഖലയിലും റീട്ടെയിൽ വ്യാപാര വിഭാഗത്തിലും ഒക്കെ പടർന്നു പന്തലിച്ചു നിൽക്കുന്ന സാമ്രാജ്യമാണ് മുകേഷ് അംബാനിയുടെ റിലയൻസിന്റെത്. പിതാവിന്റെ പാത പിന്തുടർന്ന് മക്കളും ബിസിനസ് രംഗത്തുണ്ട്. ഇഷയുടെ പേരാണ് അംബാനിയുടെ മക്കളിൽ ഉയർന്നു കേൾക്കുന്നത്. അടുത്ത അഞ്ചോ പത്തോ വർഷങ്ങൾക്കുള്ളിൽ രാജ്യത്ത് ഏറ്റവും വലിയ കമ്പനികളിൽ ഒന്നായി മാറേണ്ട റിലയൻസ് റീട്ടെയിൽ എന്ന സാമ്രാജ്യത്തിന്റെ അധിപയാണ് അവർ.
ഇപ്പോഴിതാ ഇന്ത്യയുടെ സൗന്ദര്യ സംരക്ഷണ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് ഇഷ അംബാനി. ഇതുമായി ബന്ധപ്പെട്ട് ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ഒരു കരാറിലൊപ്പിട്ടിരിക്കുകയാണ് ഇഷയെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡായ കിക്കോ മിലാനോയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഇഷ.
ഈ തന്ത്രപരമായ കരാർ ഇഷയുടെ നേതൃത്വത്തിൽ റിലയൻസ് റീട്ടെയിലിന് ഒരു പുതിയ നാഴികക്കല്ലായിട്ടാണ് അടയാളപ്പെടുത്തുന്നത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കിക്കോ മിലാനോയുമായി കരാറിലെത്തിയത്.ആദ്യഘട്ടത്തിൽ ഡൽഹി, മുംബയ്, പൂനെ, ലഖ്നൗ എന്നിവയുൾപ്പെടെ ആറ് പ്രധാന നഗരങ്ങളിൽ സ്റ്റോറുകൾ തുറക്കാനാണ് പദ്ധതി. കിക്കോ മിലാനോ എന്ന ഇറ്റാലിയൻ ബ്രാൻഡ് 1997ലാണ് ആരംഭിച്ചത്.
റിലയൻസ് റീട്ടെയ്‌ലും കിക്കോ മിലാനോയും തമ്മിലുള്ള പങ്കാളിത്തം ടാറ്റയുടെ ലാക്മെ, നൈക്ക, ലൂയിസ് വിറ്റൻ, സെഫോറ എന്നിവയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ ശേഷിയുള്ളതാണ് എന്ന കാര്യമാണ് ഏറ്റവും പ്രധാനം. ഇതോടെ ഈ മേഖലയിലെ കടുത്ത മത്സരാർത്ഥികളിൽ ഒന്നായി റിലയൻസ് റീട്ടെയിലും മാറുമെന്ന് തീർച്ച.
റിലയൻസ് റീട്ടെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച്, കമ്പനി 2023-24 സാമ്പത്തിക വർഷത്തിൽ 3,06,786 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാക്കി.
Discussion about this post