തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം കമ്മിറ്റി അംഗത്തിന് പാർട്ടിയുടെ താക്കീത്. ഓട വിവാദത്തിൽ കൊടുമൺ പഞ്ചായത്ത് പ്രസിഡന്റായ ശ്രീധരനാണ് നേതൃത്വം താക്കീത് നൽകിയത്.
റോഡ് നിർമ്മാണത്തിനിടെ മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ട് കടയുടെ മുന്നിലെ ഓടയുടെ ഗതി മാറ്റിയതായി ശ്രീധരൻ മാദ്ധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ താക്കീത്. കിഫ്ബി റോഡ് നിർമാണങ്ങളിൽ വീണാ ജോർജിന്റെ ഭർത്താവ് ഇടപെടുകയും ഓടയുടെ ഗതി മാറ്റിച്ചുവെന്നുമാണ് ശ്രീധരൻ ഉന്നയിക്കുന്ന ആരോപണം. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് റോഡ് നിർമാണത്തിൽ ഇടപെടുന്നതെന്നും അദ്ദേഹം ഉന്നയിച്ചിരുന്നു.
ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ നടപടിയെടുക്കണമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം ഇതിന് തയ്യാറായിരുന്നില്ല. ഏഴംകുളം-കൈപ്പട്ടൂർ റോഡിന്റെ നിർമാണത്തിന്റെ ഭാഗമായി ഓട പണിതപ്പോൾ കൊടുമൺ പോലീസ് സ്റ്റേഷന് സമീപമുള്ള ജോർജിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുന്നിൽ വളച്ചാണ് നിർമിച്ചത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ശ്രീധരൻ നിർമാണം തടയുകയായിരുന്നു.
ജോർജ് ജോസഫിന്റെ ഉടമസ്ഥയിലുള്ളതാണ് കൊടുമൺ പോലീസ് സ്‌റ്റേഷനു സമീപമുള്ള കെട്ടിടം. ഇത് സംരക്ഷിക്കാൻ സംസ്ഥാനപാതയുടെ ഓടയുടെ അലൈൻമെന്റിൽ മാറ്റം വരുത്തിയതായി കോൺഗ്രസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇടപെട്ടതോടെ പ്രശ്നം വിവാദമായി. കെട്ടിടത്തിന് മുന്നിൽ ട്രാൻസ്ഫോമർ നിൽക്കുന്നതിനാലാണ് ഓട വളച്ച് നിർമിച്ചതെന്നായിരുന്നു ഉദയഭാനുവിന്റെ ന്യായീകരണം. ശ്രീധരനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 40 കോടി രൂപ ചിലവിട്ടാണ് റോഡിന്റെ നിർമാണം നടക്കുന്നത്.
Discussion about this post