പാലക്കാട്: വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുകയെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പരാമർശത്തിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ആണവ നിലയം സ്ഥാപിക്കണോ എന്നതിനെക്കുറിച്ച് വിശദമായ ചർച്ച നടത്തും. പൊതുജനങ്ങളോടും മാദ്ധ്യമങ്ങളോടും ഇതേക്കുറിച്ച് അഭിപ്രായം തേടും. നയം സർക്കാരിന്റേതാണ്. നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ല. അതിനാൽ നിയന്ത്രണവും ഇല്ല. വൈദ്യുതി ലഭ്യത അനുസരിച്ച് നിയന്ത്രണം തീരുമാനിക്കും എന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ ആണ് കേരളത്തിൽ ആണവനിലയം വേണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. കെഎസ്ഇബിയുടെ നിലനിൽപ്പിന് ആണവ നിലയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ആരെങ്കിലും പറഞ്ഞത് കേട്ട് നടപ്പാക്കേണ്ട കാര്യമല്ല ഇതെന്ന് ആയിരുന്നു ഗോവിന്ദൻ ഇതിനോട് പ്രതികരിച്ചത്. എല്ലാ തലത്തിലും വിശദമായ ചർച്ച വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.









Discussion about this post