എറണാകുളം: നാളികേരത്തിന്റെ സ്വന്തം നാടാണ് കേരളം. തേങ്ങ, നാളികേരം എന്നെല്ലാമറിയപ്പെടുന്ന ഈ ഫലം ഇല്ലാതെ മലയാളികൾക്ക് ഒരു ജീവിതം ഇല്ലെന്ന് തന്നെ പറയാം. കേരവൃക്ഷങ്ങൾ ഇല്ലാത്ത കേരളത്തെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
ഈ കേര വൃക്ഷങ്ങൾ കൊണ്ട് ലക്ഷങ്ങൾ കൊയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് കൊച്ചി പുതുവൈപ്പുകാരൻ ജോസഫ് അട്ടിപ്പേറ്റി. ജോസഫിന്റെ 40 സെന്റിലെ ബോൺസായി സാമ്രാജ്യം നിറയെ പണം കൊയ്യുന്ന നല്ല ഒന്നാന്തരം കുഞ്ഞൻ തെങ്ങുകളാണ്. ആറ് മുതൽ പത്ത് അടി വരെയെ ഉയരമുള്ളൂവെങ്കിലും ഇവയുടെ പ്രായം 40 വയസിന് മുകളിലാണ്. 70ഓളം ബോൺസായി തെങ്ങുകളാണ് ജോസഫിന്റെ തോട്ടത്തിലുള്ളത്. മോശമില്ലാത്ത കായ്ഫലം തരുന്ന ഇവയിലെ തേങ്ങകൾക്ക് വലിപ്പം കുറവാണെങ്കിലും നല്ല മധുരമാണ്.
40 വർഷം മുൻപ് പരിചയപ്പെട്ട ഇടപ്പള്ളി സ്വദേശി ബാലചന്ദ്രനാണ് മരങ്ങളെ കുഞ്ഞനാക്കി വളർത്തുന്ന വിദ്യ ജോസഫിനെ പഠിപ്പിച്ചത്. പിന്നീട് ഇതൊരു പാഷനായി മാറുകയായിരുന്നു. 2023ൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരവും മുൻ സൈനികൻ കൂടിയായ ജോസഫിനെ തേടിയെത്തിയിട്ടുണ്ട്.
എങ്ങനെയാണ് ഇത്തരത്തിൽ തെങ്ങ് കൊണ്ട് പണമുണ്ടാക്കാം എന്ന് നോക്കാം. തേങ്ങയുണ്ടെങ്കിൽ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് തെങ്ങിൻ തൈകൾ മുളപ്പിച്ചെടുക്കാം.. മുളപ്പിച്ച ചെടിയുടെ തായ്‌വേര് കളഞ്ഞ് ചട്ടിയിൽ നടുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് വെയിലേൽക്കാതെ മൂന്നാഴ്ച്ച പരിഗണിക്കണം. എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയാണ് വളമായി ഉപയോഗിക്കേണ്ടത്. മൂന്ന് വർഷം കൂടുമ്പോൾ ചെടി പറിച്ചെടുത്ത് വേരുകളുടെ മൂന്നിലൊന്ന് നീളം കുറയ്ക്കുകയും ചെയ്യണം. മറ്റ് വൃക്ഷങ്ങളാണെങ്കിൽ വലിയ ശിഖരങ്ങൾ വെട്ടിക്കളയും. എന്നാൽ, പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, വേരും ശിഖിരവും ഒരേ സമയം മുറിക്കില്ല. മരം വളരുന്നതിന് അനുസരിച്ച് വലിയ ചട്ടിയിലേക്ക് മാറ്റണം. മരങ്ങളെ നേരെയും ചെരിച്ചും വളർത്താം.
Discussion about this post