ഇടുക്കി: ജസ്‌ന തിരോധാനക്കേസിൽ കൂടുതൽ അന്വേഷണത്തിനായി സിബിഐ സംഘം മുണ്ടക്കയത്തെത്തി. മുണ്ടക്കയത്ത് ജസ്‌നയെ പോലെ തോന്നുന്ന പെൺകുട്ടിയെ കണ്ടെന്ന് സംശയിക്കുന്ന ലോഡ്ജിലെത്തി അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ലോഡ്ജ് ഉടമ ബിജു സേവ്യറിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ലോഡ്ജിലെ മുൻ ജീവനക്കാരിയാണ് ജസ്‌നയെ ലോഡ്ജിൽ കണ്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. വൈകാതെ ഇവരുടെ മൊഴിയും സിബിഐ രേഖപ്പെടുത്തും. മുണ്ടക്കയത്തെ വിവിധ സ്ഥലങ്ങളിലും ലോഡ്ജിലും സിബിഐയുടെ പരിശോധന തുടരുകയാണ്.
കാണാതാവുന്നതിന് ദിവസങ്ങൾക്കുമുമ്പ് ജസ്‌നയോട് സാമ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടിരുന്നു എന്ന ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ കേസിൽ വഴിത്തിരിവായിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിനോടാണ് ഇവർ അതി നിർണായകമായ വെളിപ്പെടുത്തൽ നടത്തിയത്. അജ്ഞാതനായ ഒരു യുവാവും പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്നു എന്നും മുൻ ജീവനക്കാരി പറഞ്ഞു.
മുമ്പ് ഇവർ ജോലി ചെയ്തിരുന്ന ലോഡ്ജിന് സമീപത്തുനിന്നാണ് ജസ്‌നയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുള്ളത്. ജസ്‌നയെ കാണാനില്ലെന്ന വാർത്ത പുറത്ത് വന്നപ്പോൾ ഇത് അന്ന് ഇവിടെവച്ചുകണ്ട പെൺകുട്ടിയല്ലേ എന്ന് ലോഡ്ജ് ഉടമയോട് ചോദിച്ചിരിന്നുവെന്നും എന്നാൽ ഇപ്പോൾ ഇതിനെക്കുറിച്ച് ആരോടും ഒന്നും മിണ്ടരുതെന്ന് ഉടമ പറഞ്ഞിരുന്നുവെന്നും മുൻജീവനക്കാരി പറയുന്നുണ്ട്.
Discussion about this post