ഇസ്ലാമാബാദ്: പാകിസ്താൻ പാർലമെന്റിൽ എലിശല്യം രൂക്ഷം. എലികളെ തുരത്തുന്നതിനായുള്ള പ്രവർത്തനങ്ങൾക്കായി പാകിസ്താൻ പാർലമെന്റ് ബജറ്റിൽ തുക വകയിരുത്തി. പാർലമെന്റിലെ സുപ്രധാന രേഖകളിൽ ഭൂരിഭാഗവും എലി ഇതിനോടകം തന്നെ തിന്ന് തീർത്തുവെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്താൻ ദേശീയ അസംബ്ലി വക്താവ് സഫർ സുൽത്താൻ ആണ് ഇക്കാര്യം അറിയിച്ചത്, 2008 ൽ നടന്ന ഒരു യോഗത്തിന്റെ രേഖകൾ പരിശോധിക്കാനായി രേഖകൾ സൂക്ഷിച്ച മുറി തുറന്നപ്പോഴാണ് എലികളെ കണ്ടത്. ഇതുൾപ്പെടെ ഭൂരിഭാഗം രേഖകളും എലി തിന്നു. മുറിയ്ക്കുള്ളിൽ എലികൾ പൂച്ചകളെ പോലെ ഓടി നടക്കുകയാണെന്നാണ് സഫർ സുൽത്താൻ പ്രതികരിച്ചത്.
ഒന്നാം നിലയിലാണ് എലി ശല്യം രൂക്ഷം. പാർട്ടിയുടെ സമ്മേളനങ്ങൾ നടത്തുന്ന മുറിയും പ്രതിപക്ഷ നേതാവിന്റെ ഓഫീസുമാണ് ഇവിടെയുള്ളത്. ഇവിടെ സൂക്ഷിച്ച രേഖകളും എലികൾ കരണ്ടു. ഇതോടെ എലികളെ തല്ലിക്കൊല്ലാനും മറ്റും ശ്രമിച്ചുവെങ്കിലും ജീവനക്കാരുടെ ശ്രമങ്ങൾ വിഫലമായി. ഇതോടെ ബജറ്റിൽ 1.2 ദശലക്ഷം രൂപ വകയിരുത്തുകയായിരുന്നു. എലികളെ നശിപ്പിക്കാനായി ടെൻഡർ ക്ഷണിച്ച് സർക്കാർ വിവിധ പാക് മാദ്ധ്യമങ്ങളിൽ പരസ്യം നൽകിയിട്ടുണ്ട്. പൂച്ചകളെ ഉപയോഗിച്ച് എലികളെ നശിപ്പിക്കാനാണ് നീക്കം. ഇതിനായി എലികളെ പിടിയ്ക്കുന്ന പൂച്ചകളെ ആവശ്യപ്പെട്ടാണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.
Discussion about this post