നല്ല ശമ്പളമുള്ള ജോലി നേടി ജീവിതം സുരക്ഷിതമാക്കുകയാണ് എല്ലാവരുടെയും സ്വപ്‌നവും ആഗ്രഹവും. ആകർഷകമായ ശമ്പളം ലഭിക്കാനായി വിദേശത്തേക്ക് പോകുന്നവരാണ് ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരും. എന്നാൽ ഇന്ത്യയിൽ തന്നെ മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്ന നിരവധി ജോലികളുണ്ട് .ഡാറ്റ ആൻഡ് മെഷീൻ ലേണിംഗ് എഞ്ചിനീയർമാർക്ക് പ്രതിവർഷം 14 ലക്ഷം രൂപ വരെ സമ്പാദിക്കാം. അതേസമയം ഡാറ്റ ആർക്കിടെക്റ്റുകൾക്ക് 12 ലക്ഷം രൂപ വരെ സമ്പാദിക്കാം. ഈ മേഖലകളിൽ എട്ട് വർഷത്തിലേറെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രതിവർഷം 25 ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ ഉയർന്ന ശമ്പളം നേടാം. ഡാറ്റാ സയന്റിസ്റ്റുകൾക്ക് പ്രതിവർഷം 14 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ സമ്പാദിക്കാം
ഇന്നത്തെ കാലത്ത് ഏറെ ആവശ്യക്കാരുള്ള തൊഴിൽ മേഖലയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്.ഇമെയിൽ, സോഷ്യൽ മീഡിയ, ബ്ലോഗുകൾ, വെബ്‌സൈറ്റുകൾ, എസ്എംഎസ് തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകൾക്കും ചാനലുകൾക്കുമായി അവരുടെ തൊഴിലുടമകളുടെ അല്ലെങ്കിൽ ക്ലയന്റുകളുടെ ഇലക്ട്രോണിക് മീഡിയ മാർക്കറ്റിംഗ് തന്ത്രങ്ങൾ മെനയുന്നത് ഒരു ഡിജിറ്റൽ മാർക്കറ്റർ ആയിരിക്കും. ഇന്ത്യയിലെ ഒരു ഡിജിറ്റൽ മാർക്കറ്ററുടെ ശമ്പള പരിധി പ്രതിവർഷം 4 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ്.
മാനേജ്‌മെൻറ് പ്രഫഷണൽ – എംബിഎ പോലുള്ള മാനേജ്‌മെന്റ് ഡിഗ്രികൾ എടുത്തവർക്ക് പറ്റിയ ജോലിയാണ് ഇത്. തുടക്കത്തിൽ പ്രതിവർഷം മൂന്നു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന മേഖലയാണിത്. കരിയറിൻറെ മധ്യകാലത്ത് ഇതു 25 ലക്ഷം വരെയൊക്കെ ഉയരാം. പരിചയസമ്പത്തുള്ളവർക്കു പ്രതിവർഷം 80 ലക്ഷം രൂപ വരെയൊക്കെ ഓഫർ ചെയ്യുന്ന കമ്പനികളുണ്ട്.
സോഫ്റ്റ് വെയർ എൻജിനീയർ -ചെറിയൊരു മാന്ദ്യത്തിന് ശേഷവും ഐടി രംഗം പണമുണ്ടാക്കാൻ പറ്റിയ തൊഴിൽ മേഖലയാണ്. തുടക്കത്തിൽ മൂന്നര ലക്ഷം രൂപ വരെ ശമ്പളം ലഭിക്കാം. മധ്യകരിയർ കാലഘട്ടത്തിൽ 8.3 ലക്ഷം രൂപ വരെ ഉയരാം. അനുഭവ സമ്പന്നർക്കു 15 ലക്ഷം രൂപയ്ക്കു മേൽ വേതനം പ്രതീക്ഷിക്കാം.
വ്യോമയാന രംഗം – അതിവേഗത്തിൽ വളരുന്ന മേഖലയാണ് വ്യോമയാന രംഗം. വാണിജ്യ പൈലറ്റിനു പ്രതിവർഷം 20 ലക്ഷം രൂപയും ഹെലികോപ്ടർ പൈലറ്റിന് 18 ലക്ഷം രൂപയും എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർക്കു 10 ലക്ഷത്തോളം രൂപയും ലഭിക്കാം.
ചാർട്ടേഡ് അക്കൗണ്ടൻറുമാർ – കമ്പനികളുടെയും വ്യക്തികളുടെയുമൊക്കെ സാമ്പത്തിക ആരോഗ്യം നിലനിർത്തുന്നവരാണു സിഎക്കാർ. തുടക്ക ശമ്പളം അഞ്ചര ലക്ഷം രൂപ. കരിയറിന്റെ മധ്യകാലഘട്ടത്തിൽ ഇത് 12.8 ലക്ഷം രൂപ വരെ ഉയരാം. അനുഭവ സമ്പന്നർക്കു 25 ലക്ഷം രൂപയ്ക്കു മുകളിൽ ലഭിക്കും
കോർപ്പറേറ്റ് അഡ്വക്കറ്റ്‌സ് – കോർപ്പറേറ്റുകൾക്കു വേണ്ടി കേസ് നടത്തുക മാത്രമല്ല, അവർക്കു വേണ്ടി കരാറുകൾ തയ്യാറാക്കുന്നതും നിയമോപദേശം നൽകുന്നതുമെല്ലാം ഇവരാണ്. ആറു ലക്ഷം രൂപ വരെ തുടക്കക്കാർക്കു വേതനം ലഭിക്കും. മുതിർന്ന അഭിഭാഷകർ പത്തു ലക്ഷം രൂപയ്ക്കു മേൽ പ്രതിവർഷം നേടുന്നു. മികച്ച വക്കീലന്മാരുടെ സേവനങ്ങൾക്കു കോടികളാണ് വില.
ഇൻവെസ്റ്റ്മെന്റ് ബാങ്കർമാർ കമ്പനികളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയുമൊക്കെ പണം വളരാൻ സഹായിക്കുന്നവരാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കർമാർ. ഇവരുടെ വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിലാണു കമ്പനികൾ തമ്മിലുള്ള ലയനം, ഏറ്റെടുക്കലുകൾ, ഓഹരി വിപണി ലിസ്റ്റിങ് തുടങ്ങിയവയെല്ലാം നടക്കുക. മൂലധനസമാഹരണമാണ് ഇവരിലൂടെ സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നത്. തുടക്കത്തിൽ 12 ലക്ഷം രൂപ വരെയൊക്കെ ശമ്പളം ലഭിക്കാം. കരിയറിന്റെ മധ്യകാലത്ത് ഇത് 30 ലക്ഷം രൂപയോളമെത്താം. നല്ല അനുഭവസമ്പന്നരായവർക്ക് 50 ലക്ഷത്തിനും മുകളിലേക്കു പ്രതിവർഷം പ്രതീക്ഷിക്കാം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന സർക്കാർ ജോലികളിൽ ഒന്നാണ് ഇന്ത്യൻ അഡ്മിനിസ്‌ട്രേഷൻ സർവീസ് അഥവാ ഐഎഎസ്. ജൂനിയർ സ്‌കെയിൽ, സീനിയർ സ്‌കെയിൽ, സൂപ്പർ ടൈം സ്‌കെയിൽ എന്നിങ്ങനെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് വ്യത്യസ്ത തരം പേ ബാൻഡുകളുണ്ട്. ഏഴാം ശമ്പള കമ്മീഷന്റെ കണക്കനുസരിച്ച് ഒരു ഐഎഎസ് ഉദ്യോഗസ്ഥന് പ്രതിമാസം ലഭിക്കുന്ന അടിസ്ഥാന ശമ്പളം 56,100 രൂപയാണ്. ഇതുകൂടാതെ താമസിക്കാൻ സ്ഥലം, പാചകക്കാർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി സൗകര്യങ്ങളും ലഭിക്കും.
ശമ്പളത്തിന് പുറമേ യാത്രാ അലവൻസ്, ഡിഎ എന്നിവ ഉൾപ്പെടെ നിരവധി അലവൻസുകളും ഐഎഎസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നുണ്ട്. ഇത് മൊത്തം കൂട്ടുമ്പോൾ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ആകെ ശമ്പളം പ്രതിമാസം ഒരു ലക്ഷം രൂപയിൽ കൂടുതലാണെന്നാണ് റിപ്പോർട്ട്.













Discussion about this post