സോക്കറിന്റെയും സാംബയുടെയും ആരവങ്ങൾ നിറഞ്ഞ സൗത്ത് അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യം, പക്ഷേ ഒരു തലമുറയ്ക്ക് അത് വെറുമൊരു രാജ്യം ആയിരുന്നില്ല, സിരകളിൽ ആവേശത്തിന്റെ ലഹരി നിറച്ച ഒരു വികാരമായിരുന്നു അത്. ബ്രസീൽ!
കാൽപന്തിൽ കവിതകൾ രചിച്ച മഞ്ഞപ്പടയുടെ നാട്. പെലെയുടെയും റോണാൾഡോയുടേയും റോബർട്ടോ കാർലോസിന്റെയും നെയ്മറിന്റെയും അങ്ങനെ പ്രതിഭ കൊണ്ട് സമ്പന്നരായ ഫുട്ബോളർമാരുടെ നാട്. ഓരോ മലയാളിയും കുട്ടിക്കാലം മുതൽ കേൾക്കുന്ന വിദേശരാജ്യങ്ങളുടെ പേരുകളിൽ പ്രഥമ സ്ഥാനത്തു തന്നെ ഉണ്ടാകുന്ന രാജ്യമാണ് ബ്രസീൽ. എന്നാൽ ഫുട്ബോൾ മാത്രമല്ല ബ്രസീൽ, അതിനുമപ്പുറം സാഹിത്യ, സാംസ്കാരിക വൈവിധ്യങ്ങൾ കൊണ്ടും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രാജ്യമാണിത്. പൗലോ കൊയ്‌ലോ എന്ന വിഖ്യാത സാഹിത്യകാരനെ ലോകത്തിനു സമ്മാനിച്ചതും ബ്രസീലാണ്.
ഔദ്യോഗികമായി ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീൽ എന്നറിയപ്പെടുന്ന ബ്രസീൽ ഭൂവിസ്തൃതിയനുസരിച്ചു ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഏഴാമത്തെ രാജ്യവും സൗത്ത് അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യവും കൂടിയാണ് ബ്രസീൽ. ബ്രസീലിയ ആണ് രാജ്യ തലസ്ഥാനം. സാവോ പോളോ ആണ് ബ്രസീലിലെ ഏറ്റവും വലിയ നഗരം. 20 കോടി 54 ലക്ഷത്തോളം ജനങ്ങൾ ആണ് ബ്രസീലിൽ വസിക്കുന്നത്. ജനസംഖ്യയുടെ 79 ശതമാനവും ക്രിസ്തുമത വിശ്വാസികളാണ്.
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ പകുതിയോളവും ബ്രസീൽ ആണ്. കിഴക്ക് അറ്റ്ലാന്റിക് സമുദ്രത്തിനോട് ചേർന്നാണ് ബ്രസീലിന്റെ വലിയൊരു ഭാഗം സ്ഥിതിചെയ്യുന്നത്. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഇക്വഡോറും ചിലിയും ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങളുമായും രാജ്യം അതിർത്തി പങ്കിടുന്നുണ്ട്.
പോർച്ചുഗീസ് ആണ് ഔദ്യോഗിക ഭാഷ. അമേരിക്കൻ ഭൂഖണ്ഡത്തിൽ പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഒരേയൊരു രാജ്യം കൂടിയാണ് ബ്രസീൽ.പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോളം വരെ പോർച്ചുഗൽ കോളനിയായിരുന്നതിനാലാണ് പോർച്ചുഗീസ് സംസാരിക്കുന്ന രാജ്യമായി ബ്രസീൽ മാറിയത്.
ഭൂമിയുടെ ശ്വാസകോശമായ ആമസോൺ മഴക്കാടുകൾ നിറഞ്ഞ രാജ്യം പ്രകൃതി വൈവിധ്യം കൊണ്ട് അതിമനോഹരമാണ്. ബ്രസീലിലെ ഈ പ്രകൃതിയെ ആസ്വദിക്കാനായി നിരവധി ലോക രാജ്യങ്ങളിൽ നിന്നും ധാരാളം വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്. പച്ചപുതച്ചുറങ്ങുന്ന ആമസോൺ മഴക്കാടുകളും നിരവധി നദീതടങ്ങളും അർജന്റീന അതിർത്തിയിലുള്ള അതിമനോഹരമായ ഇഗ്വാസു വെള്ളച്ചാട്ടവും എല്ലാം ബ്രസീലിനെ ഒരു അനുഗൃഹീത രാജ്യം ആക്കി മാറ്റുന്നു. ജനുവരിയുടെ നദി എന്ന അർത്ഥമുള്ള റിയോ ഡി ജനീറോ നഗരവും ഈ നഗരത്തിൽ നടക്കുന്ന റിയോ കാർണിവലും എല്ലാം ബ്രസീലിന്റെ സാംസ്കാരിക വൈവിധ്യത്തെ എടുത്തു കാണിക്കുന്നവയാണ്.
1723 മുതൽ ബ്രസീലിൽ മുടങ്ങാതെ നടന്നുവരുന്ന റിയോ കാർണിവൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർണിവൽ ആണ്. ഓരോ വർഷവും 20 ലക്ഷത്തോളം വിനോദസഞ്ചാരികളാണ് ഈ കാർണിവൽ കാണാനായി മാത്രം ബ്രസീലിൽ എത്തിച്ചേരുന്നത്. മനോഹരമായ വേഷവിധാനങ്ങൾ ധരിച്ച നർത്തകർ അവതരിപ്പിക്കുന്ന സാംബ നൃത്തം ആണ് റിയോ കാർണിവലിന്റെ പ്രധാന സവിശേഷത. ഏഴ് ലോകാത്ഭുതങ്ങളിലൊന്നായ ‘ക്രൈസ്റ്റ് ദി റെഡീമർ ‘ എന്ന ക്രിസ്തുവിന്റെ പടുകൂറ്റൻ പ്രതിമ റിയോ ഡി ജനീറോയിലെ മറ്റൊരു പ്രധാന കാഴ്ചയാണ്. 1931ൽ ആണ് ഈ ലോകാത്ഭുതം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. റിയോയിലെ ഏറ്റവും വലിയ മലയായ കൊർകൊവാഡോയിൽ ആണ് 38 മീറ്റർ നീളമുള്ള രക്ഷകനായ യേശുവിന്റെ ഈ കൂറ്റൻ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.
ഇങ്ങനെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ടെങ്കിലും ഇന്ന് ലോക സഞ്ചാരികൾക്കിടയിൽ ബ്രസീലിനോടുള്ള പ്രിയം അനുദിനം കുറഞ്ഞു വരികയാണ്. മയക്കുമരുന്നിന് അടിമപ്പെട്ട ഒരു തലമുറ കൊള്ളയും കൊലയും എല്ലാം കൊണ്ട് ഒരു രാജ്യത്തിന്റെ നാശത്തിനു കാരണമാകുന്ന കാഴ്ചയാണ് ഇപ്പോൾ ബ്രസീലിൽ പലയിടത്തും കാണാൻ കഴിയുന്നത്. അതിനാൽ തന്നെ വിനോദസഞ്ചാരികൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് നിലവിൽ ബ്രസീൽ ഉള്ളത്. വഴിതെറ്റി സഞ്ചരിക്കുന്ന പുതുതലമുറ കൂടാതെ രാഷ്ട്രീയനേതൃത്വത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും കാരണം സാധാരണക്കാരായ ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. തൊഴിലില്ലായ്മയും രൂക്ഷമായ വിലക്കയറ്റവും ആണ് കുറ്റകൃത്യങ്ങളുടെ തോത് വർദ്ധിപ്പിക്കുന്നത് എന്നാണ് വിലയിരുത്തൽ.
അധോലോകവും മാഫിയ സംഘങ്ങളും മുതൽ പിടിച്ചുപറിക്കാരായ ചെറിയ കുട്ടികൾ വരെ ഈ രാജ്യത്തെ അരക്ഷിതാവസ്ഥയിൽ ആക്കുന്നു. ബ്രസീലിലെ പ്രധാന നഗരങ്ങളായ റിയോയിലെയും സാവോപോളോയിലെയും തെരുവുകൾ പകൽ സമയത്ത് പോലും സുരക്ഷിതമല്ല. അതിനാൽ തന്നെ കഴിഞ്ഞ നിരവധി വർഷങ്ങളായി ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. ഇനി ഏതെങ്കിലും ഒരു കാലത്ത് തങ്ങളുടെ രാജ്യം പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തുമോ എന്ന് യാതൊരു ഉറപ്പുമില്ലാതെ കഴിയുകയാണ് സാധാരണക്കാരായ വലിയൊരു വിഭാഗം ജനങ്ങൾ .. അവരുടെ ആശങ്കകൾ പരിഹരിക്കാൻ എത്രയും പെട്ടെന്ന് ബ്രസീലിന് കഴിയട്ടെ .. മനോഹരമായ ഈ രാജ്യം കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുകയും ചെയ്യട്ടെ..
Discussion about this post