ന്യൂഡൽഹി; റഷ്യ-യുക്രൈയ്ൻ സംഘർഷം തുടരുന്നതിനിടെ ഇരുരാജ്യങ്ങളും സന്ദർശിക്കുന്ന ആദ്യ ഭരണാധികാരിയാവാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ യുക്രൈയ്ൻ സന്ദർശനത്തിനും പ്രത്യേകതകളേറെയാണ്. സന്ദർശനത്തോടെ മൂന്ന് പതിറ്റാണ്ടിനിടെ യുക്രൈൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാവും മോദി. റെയിൽ ഫോഴ്സ് വൺ തീവണ്ടിയിൽ പോളണ്ടിൽനിന്ന് 10 മണിക്കൂർ യാത്രചെയ്താണ് മോദി യുക്രൈൻ തലസ്ഥാനമായ കീവിൽ എത്തുക. തിരിച്ചുള്ള യാത്രയ്ക്കും 10 മണിക്കൂർ ചിലവിടുമ്പോൾ ആകെ 20 മണിക്കൂറാണ് ട്രെയിനിൽ സഞ്ചരിക്കുക. ആക്രമണസാധ്യത ഏറെയുള്ള യുദ്ധമേഖലയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനിൽ യാത്ര ചെയ്യുന്നത് സമാധാന ദൂതുമായാണെന്ന് ലോകത്തിന് ശുഭാപ്തി വിശ്വാസവും ഉണ്ടാക്കുമെന്നതിൽ സംശയമില്ല.
നേരത്തെ, യുക്രൈയ്ൻ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ എന്നിവർ കീവിലെത്തിയത് റെയിൽ ഫോഴ്സ് വൺ തീവണ്ടിയിൽ യാത്രചെയ്താണ്. വിദേശസന്ദർശനങ്ങൾക്കായി സെലൻസ്‌കി സ്ഥിരമായി ഉപയോഗിക്കുന്നത് ഈ തീവണ്ടിയാണ്. റഷ്യ-യുക്രൈയ്ൻ യുദ്ധത്തിന് പിന്നാലെ പ്രധാന വിമാനത്താവളങ്ങളെല്ലാം രാജ്യത്ത് അടച്ചിട്ടതും ട്രെയിൻ യാത്ര തിരഞ്ഞെടുക്കുന്നതിന് കാരണമായിട്ടുണ്ട്.
റഷ്യയുമായുള്ള സംഘർഷത്തിന് ശേഷം യുക്രൈന്റെ നയതന്ത്ര ഹൈവേ ആയാണ് റെയിൽഫോഴ്സ് വൺ ശൃംഘല അറിയപ്പെടുന്നത്. റഷ്യൻ അധിനിവേശത്തിന് ശേഷം ഡീസൽ എൻജിനുകൾക്ക് പകരം തീവണ്ടികളിൽ ഇലക്ട്രിക് എൻജിനുകളാണ് യുക്രൈൻ ഉപയോഗിക്കുന്നത്. ഇതുമൂലം പോളണ്ട് അതിർത്തിയിൽനിന്ന് കീവിലേക്കുള്ള യാത്രാസമയം വർധിച്ചിട്ടുണ്ട്
Discussion about this post