ടെക്‌സാസ്; ടെക്‌സാസ്; അമേരിക്കയിലെ ടെക്‌സസിൽ ഹനുമാന്റെ 90 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. വെങ്കലത്തിൽ നിർമ്മിച്ച ഈ പ്രതിമ യുഎസിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമ എന്ന വിശേഷണത്തിന് കൂടി അർഹമാണ്. സ്റ്റാച്യൂ ഓഫ് യൂണിയൻ എന്നാണ് ഇത് അറിയപ്പെടുന്നത്. രാമായണത്തിൽ സീതയെയും രാമനെയും ഒന്നിപ്പിച്ചു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ഷുഗർ ലാൻഡിലുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് പ്രതിമ സ്ഥാപിച്ചത്. ശക്തിയുടെയും ഭക്തിയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രതീകമായിരിക്കും പ്രതിമയെന്ന്, പ്രതിമ സ്ഥാപിക്കാൻ നേതൃത്വം നൽകിയ ആത്മീയ ആചാര്യൻചിന്ന ജീയർ സ്വാമി പറഞ്ഞു. പ്രതിമയുടെ അനാച്ഛാദന പരിപാടിയോടനുബന്ധിച്ച ആഘോഷപരിപാടികൾ ഓഗസ്റ്റ് 15നാണ് ആരംഭിച്ചത്. 18നായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങ്. ആയിരക്കണക്കിന് ഭക്തരാണ് ചടങ്ങിനെത്തിയത്.
2020ൽ ഡെലവെയറിൽ 25 അടി ഉയരമുള്ള ഹനുമാൻറെ പ്രതിമ സ്ഥാപിച്ചിരുന്നു. തെലങ്കാനയിലെ വാറങ്കലിൽ നിന്നായിരുന്നു ഈ പ്രതിമ എത്തിച്ചത്. 305 അടി ഉയരമുള്ള സ്റ്റാച്യു ഓഫ് ലിബർട്ടിയാണ് യുഎസിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ. ഫ്‌ലോറിഡയിലെ ഗൾഫ്‌സ്ട്രീം പാർക്കിലെ 110 അടിയുള്ള പെഗസസ് ആൻഡ് ഡ്രാഗൺ പ്രതിമ ആണ് ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമ.
Discussion about this post