ബീജിംഗ്; ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ എത്തിയ യുവാവിന് തെറ്റായ ചികിത്സ നടത്തിയ ആശുപത്രിയ്‌ക്കെതിരെ കേസ്. ചൈനയിലാണ് സംഭവം. 27 കാരനായ ലിംഗർ എന്ന യുവാവാണ് പരാതിക്കാരൻ. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പകരം ഷോക്ക് ട്രീറ്റ്‌മെന്റാണ് ആശുപത്രി നൽകിയതെന്ന് യുവാവ് ആരോപിക്കുന്നു.80,000 യുവാൻ (ഏകദേശം 9.4 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ലിംഗർ പരാതി നൽകിയത്.
വടക്കൻ ചൈനയിലെ ഹുബൈയ് പ്രവിശ്യയിൽ നിന്നുള്ള ഒരു ലൈവ് സ്ട്രീമറാണ് ലിംഗർ. ജനിച്ചത് ഒരു പുരുഷനായിട്ടാണെങ്കിലും ഒരു സ്ത്രീയായി ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് യുവാവ് പറയുന്നു. ഇതിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനു യുവാവ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പണം സ്വരൂപിച്ച് ഈസ്ട്രജൻ ഹോർമോൺ ചികിത്സയും ആരംഭിച്ചു. ചികിത്സയുടെ ഭാഗമായി തന്റെ മുഖത്തെ രോമങ്ങൾ കൊഴിയുകയും ശബ്ദത്തിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങുകയും ചെയ്തതായി ലിംഗർ പറഞ്ഞു. യുവാവിന്റെ ഈ തീരുമാനങ്ങളെ മാതാപിതാക്കൾ അംഗീകരിച്ചിരുന്നില്ല.
2022-ൽ ജിയുലോങ്ഷാൻ ഹോസ്പിറ്റലിലെ ഡോക്ടറെ കാണാൻ മാതാപിതാക്കൾ ലിംഗറിനോട് ആവശ്യപ്പെട്ടു. അതൊരു മാനസികരോഗാശുപത്രിയാണെന്ന് അറിയാമായിരുന്നിട്ടും മാതാപിതാക്കളുടെ അഭ്യർത്ഥന മാനിച്ച് ലിംഗർ ഡോക്ടറെ കാണാൻ സമ്മതിച്ചു. എന്നാൽ ആശുപത്രിയിലെത്തിയ ലിംഗറിനെ പരിശോധിച്ച ഡോക്ടർ ലിംഗറിന് ego dystonic sexual orientation എന്ന മാനസിക വൈകല്യമാണെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ ലിംഗറിന്റെ മൊബൈൽ ഫോൺ ആശുപത്രി അധികൃതർ പിടിച്ചെടുക്കുകയും ഉടൻ തന്നെ ലിംഗറിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. തന്റെ കൈയ്യും കാലും കെട്ടിയ ശേഷം ഡോക്ടർമാർ തനിക്ക് ദിവസങ്ങളോളം ഷോക്ക് ട്രീറ്റ്മെന്റ് നൽകിയെന്നും ലിംഗർ പറഞ്ഞു.
Discussion about this post