കൊച്ചി; ഹേമകമ്മീഷൻ റിപ്പോർട്ട് പരസ്യമാക്കിയതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി താരങ്ങൾ രംഗത്തെത്തുന്നു. മലയാള സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ തനിക്ക് സംവിധായകനിൽ നിന്നുണ്ടായ മോശം അനുഭവം ബംഗാളി നടി ശ്രീലേഖയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.വർഷങ്ങൾക്ക് മുൻപ് ഒരു മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാനെത്തിയ തന്നോട് സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നും തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചെന്നും ശ്രീലേഖ പറഞ്ഞു. എതിർത്ത് മുറിയിൽ നിന്ന് ഇറങ്ങിപ്പോയ തനിക്ക് തിരികെ പോകാനുള്ള പണം പോലും സിനിമയുടെ നിർമാതാക്കളിൽ നിന്ന് ലഭിച്ചില്ലെന്നും പിന്നീട് മലയാളത്തിൽ അഭിനയിച്ചിട്ടില്ലെന്നും ശ്രീലേഖ പറഞ്ഞു.
എന്നെ സംബന്ധിച്ച് ഒരു മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുകയെന്നത് വലിയ കാര്യമായിരുന്നു. കൊച്ചിയിലെത്തി. ഫോട്ടോഷൂട്ടിനൊക്കെ ശേഷം നിർമാതാവ് അടക്കമുള്ളവർ എത്തുന്നുണ്ടെന്നും പരിചയപ്പെടണമെന്നും പറഞ്ഞ് വിളി വന്നു. സംവിധായകനെ കണ്ടു. ആദ്യമായിട്ടാണ് ഞാൻ അയാളെ കാണുന്നത്. ഡ്രോയിംഗ് റൂമിലാണ് എത്തിയത്. അവിടെ മുഴുവൻ അപരിചിതരായിരുന്നു. എന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് സംവിധായകൻ മുന്നോട്ടുനടന്നു. ഞാൻ അയാളെ പിന്തുടർന്നു. ഇരുണ്ട ബെഡ്‌റൂമിന്റെ ബാൽക്കെണിയിലേക്കാണ് അദ്ദേഹം പോയത്. അവിടെയെത്തിയപ്പോൾ സംവിധായകൻ എന്റെ വളകളിൽ തൊടാൻ തുടങ്ങി.എന്റെ വളകൾ കണ്ട കൗതുകം കൊണ്ടാകാമെന്നാണ് ആദ്യം ഞാൻ കരുതിയത്.
ഞാൻ എന്നോട് തന്നെ ശാന്തമായിരിക്കാൻ പറഞ്ഞു. ഇതെവിടെ വരെ പോകുമെന്ന് അറിയണമല്ലോ. എന്നാൽ ഞാൻ പ്രതികരിക്കാതിരുന്നതോടെ അയാൾ എന്റെ മുടിയിഴകളിൽ തലോടാൻ തുടങ്ങി. എന്റെ കഴുത്തുവരെ സ്പർശനമെത്തി. ഇതോടെ ഞാൻ ആ മുറിയിൽ നിന്നിറങ്ങി. പെട്ടെന്ന് ഹോട്ടലിലേക്ക് പോയി. ആ രാത്രി നേരിട്ട അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. അന്ന് രാത്രി കിടന്നുറങ്ങുമ്പോൾ ആ മുറിയുടെ മാസ്റ്റർ കീ ആരെങ്കിലും കൈവശപ്പെടുത്തിയോ അല്ലെങ്കിൽ ആരെങ്കിലും വാതിൽ മുട്ടുമോയെന്നൊക്കെ പേടിച്ചു. എന്നെ സിനിമയിലേക്ക് വിളിച്ചയാളെ തിരിച്ചുവിളിച്ച്, റിട്ടേൺ ടിക്കറ്റ് വേണമെന്ന് അറിയിച്ചു. അവർ പണം തരാൻ തയ്യാറായില്ല. ഒടുവിൽ സ്വന്തം ചെലവിൽ മടങ്ങേണ്ടി വന്നു. അതിന് ശേഷം മലയാളത്തിൽ അഭിനയിക്കാൻ വരികയോ കേരളത്തിലേക്ക് എത്തുകയോ ചെയ്തിട്ടില്ലെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
Discussion about this post