നല്ല നിറവും തിളക്കവും ഉള്ള ചർമ്മം എല്ലാവരുടെയും സ്വപ്‌നമാണ്. ചർമ്മത്തിന്റെ നിറത്തിന്റെ അടിസ്ഥാനം പാരമ്പര്യം കൂടിയെന്ന് ആദ്യം മനസിലാക്കുക. എത്രയൊക്കെ ക്രീം വാരിത്തേച്ചാലും ഒരിക്കലും ചർമ്മത്തിന്റെ സ്വാഭാവിക നിറം വർദ്ധിക്കുകയില്ല. അത് മാറ്റമില്ലാതെ തന്നെ തുടരും. എന്നാൽ ചർമ്മത്തിൽ അൽപം തിളക്കം നൽകുന്നതിനും ചർമ്മത്തിന് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും നമുക്ക് കഴിയുന്നു. അതിന് ചില മരുന്നുകളും ക്രീമുകളും നമ്മെ സഹായിക്കുകയും ചെയ്യുന്നു. ആദ്യം തന്നെ ചർമ്മത്തിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാവുന്നതിന് കാരണം എന്തെങ്കിലും രോഗാവസ്ഥ കാരണമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്. ക്രീമുകളില്ലാതെ ചർമ്മം ആരോഗ്യപരമാക്കി സൂക്ഷിക്കാൻ ഒന്ന് ശ്രമിച്ചാലോ?
ചർമത്തിന് നിറം നൽകാൻ സഹായിക്കുന്ന നല്ലൊരു വഴിയാണ് ചില പ്രത്യേക ഭക്ഷണങ്ങൾ. പോംഗ്രനേറ്റ്, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവയാണ് ഇതിനായി നല്ലത്. ഇവയെല്ലാം തന്നെ ആന്റി ഓക്സിഡന്റ് ഗുണങ്ങളാലും വൈറ്റമിൻ സിയാലും സമ്പുഷ്ടമാണ്.ഇവ ഒരുമിച്ച് ചേർത്തുള്ള ജ്യൂസോ അല്ലെങ്കിൽ ഒന്ന് മാത്രമായോ ജ്യൂസ് അടിച്ച് കുടിക്കുക. പഞ്ചസാര ചേർക്കാതെ ജ്യൂസ് അടിച്ച് കുടിക്കുന്നതാണ് നല്ലത്. ഇത് നേരം ഇരുട്ടി വെളുക്കുമ്പോൾ തന്നെ നിറം വയ്ക്കും എന്നല്ല. ആഴ്ചകൾക്കുള്ളിൽ ചെറിയ വ്യത്യാസം കാണാം.
വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ചർമത്തിന് നിറം നൽകാൻ നല്ലതാണ്. ചർമത്തിന് നല്ല ടോൺ നൽകാൻ സഹായിക്കുന്ന ഒന്നാണിത്. നാരങ്ങ, ഓറഞ്ച്, നെല്ലിക്ക എന്നിവയെല്ലാം തന്നെ വൈറ്റമിൻ സി ധാരാളമടങ്ങിയ ഭക്ഷണങ്ങളാണ്. എന്നാൽ ഇവ കഴിയ്ക്കുന്നതിലും ശ്രദ്ധ വേണം. ആവശ്യത്തിനു മാത്രം കഴിയ്ക്കുക.
ഇതു പോലെ ചർമത്തിനു നിറവും നല്ല ചർമവുമെല്ലാം നൽകാൻ കഴിയുന്ന ഒന്നാണ് നട്സ്. ഇതും അധികം കഴിയ്ക്കേണ്ടതില്ല. ഒരു പിടി എന്നതാണ് കണക്ക്. ഇതു കപ്പലണ്ടി പോലുള്ളവയാണെങ്കിൽ പോലും. അധികം കഴിച്ചാൽ മുഖക്കുരു പോലുളള പ്രശ്നങ്ങളുണ്ടാകാം. പ്രത്യേകിച്ചും എണ്ണമയമുള്ള ചർമമെങ്കിൽ.
മധുരം കുറയ്ക്കുക. ഇത് കോശങ്ങളെ കൊല്ലുന്നു. പ്രായക്കൂടുതൽ തോന്നിപ്പിയ്ക്കും. ഇതു പോലെ നോൺ വെജ് കഴിവതും കുറയ്ക്കുക. രണ്ട് ലിറ്റർ വെള്ളവും കുടിക്കുന്നത് നല്ലതാണ്. ഇതെല്ലാം തന്നെ കഴിവതും പാലിയ്ക്കുന്നത് നല്ല ചർമത്തിനും നല്ലതാണ്. സ്ട്രെസ് കുറയ്ക്കുക, ശോധന നല്ലതാക്കുക തുടങ്ങിയ ഘടകങ്ങളും ചർമാരോഗ്യത്തിനു സഹായിക്കുന്നു.
ഇനി പെട്ടെന്ന് നിറം കൂട്ടിയേ മതിയാകൂ എന്നുള്ളവർ നല്ല ചർമ്മ രോഗവിദഗ്ധനെ കാണുന്നതാവും നല്ലത്.
Discussion about this post