ന്യൂഡല്‍ഹി: വടക്കൻ ബംഗാളിലെ കൂച്ച്‌ബെഹാറിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ഫെന്‍സിങ് നിര്‍മിക്കുന്നതില്‍ നിന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥരെ ബോർഡർ ഗാർഡ്സ് ബംഗ്ലാദേശ് (ബിജിബി) ഉദ്യോഗസ്ഥർ തടഞ്ഞു. പ്രദേശത്ത് പ്രശ്‌നങ്ങള്‍ കൂടുതൽ രൂക്ഷമായ അവസ്ഥയാണ്.
ധാക്കയിലെ രാഷ്ട്രീയ സംഘർഷങ്ങൾ നിലനില്‍ക്കുന്നതിനിടെ ബംഗ്ലാദേശിന്റെ പുതിയ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
ഫെന്‍സിങ് നിർമ്മാണം നിലവില്‍ നിർത്തിവച്ചിരിക്കുകയാണ്. അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഒക്ടോബറിൽ ഡൽഹിയിൽ നടക്കുന്ന ഇരു സേനകളുടെയും ഡയറക്ടർ ജനറൽമാരുടെ യോഗത്തിൽ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
‘ഞങ്ങളുടെ ഉദ്യോഗസ്ഥർ ഫെന്‍സിങ് പണിയുമ്പോള്‍ ബിജിബി ഉദ്യോഗസ്ഥർ അത് എതിര്‍ക്കുകയായിരുന്നു. അതൊരു അതിർത്തി വേലി പോലുമായിരുന്നില്ല. ഒരു രാജ്യത്തു നിന്നുള്ള കന്നുകാലികൾ മറ്റൊരു രാജ്യത്തേക്ക് വഴിതെറ്റിപ്പോകാതിരിക്കാനാണ് ഫെന്‍സിങ് നിർമിക്കുന്നത്. ഇത്തരത്തില്‍ കന്നുകാലികൾ മറ്റൊരു രാജ്യത്തേക്ക് എത്തുന്നത് പലപ്പോഴും ഇരുവശത്തുമുള്ള ഗ്രാമവാസികൾക്കിടയിൽ തർക്കങ്ങൾക്ക് കാരണമാകുന്നു’- ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ഇരു വിഭാഗവും തമ്മില്‍ അതിർത്തിയിൽ ഫ്ലാഗ് മീറ്റിംഗ് നടത്തിയെങ്കിലും പരിഹാരത്തിലെത്താനായില്ല. അതിർത്തിയുടെ ഇരുവശത്തും അക്രമമില്ല, എന്നാൽ ഇരു സേനകളുടെയും പട്രോളിംഗ് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post