തിരുവനന്തപുരം: സിനിമാ രംഗത്ത് പവർ ഗ്രൂപ്പ് ഉണ്ടെന്ന് നടി ശ്വേതാ മേനോൻ. ഈ ഗ്രൂപ്പിൽ സ്ത്രീകളും ഉൾപെട്ടിട്ടുണ്ട്. കരാറിൽ ഒപ്പുവച്ച ഒൻപത് സിനിമകൾ ആണ് തനിക്കൊരു സുപ്രഭാതത്തിൽ നഷ്ടമായത് എന്നും ശ്വേത പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷം ഉണ്ടെന്നും നടി പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷം. അൽപ്പം വൈകിയാണ് റിപ്പോർട്ട് പുറത്തുവന്നത്. റിപ്പോർട്ട് പുറത്തുവരണം എന്ന് നിരവധി തവണ താൻ ആവശ്യപ്പെട്ടിരുന്നു. നമ്മുടെ കൂടെ ആരും നിൽക്കാൻ പോകുന്നില്ല. നമുക്ക് വേണ്ടി നാം പോരാടണം. സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്നാണ് താൻ വിശ്വസിക്കുന്നത്. ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ രംഗത്ത് എത്തിയാൽ തന്നെ പ്രശ്‌നങ്ങൾ മാറും. ഇപ്പോഴുണ്ടായ മാറ്റം വളരെ നല്ലതാണെന്നും ശ്വേത പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുതുമയായി തോന്നുന്നില്ല. നടിമാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് നേരത്തെയും കേട്ടിട്ടുണ്ട്. ബാത്ത് റൂം സൗകര്യം പോലും ഇല്ലാത്ത അവസ്ഥ പലർക്കും നേരിടേണ്ടിവന്നിട്ടുണ്ട്. തന്റെ ബുദ്ധിമുട്ടുകൾ അപ്പോപ്പോൾ പറയാറുണ്ട്. ആവശ്യങ്ങൾ പറഞ്ഞ് നേടിയെടുക്കാറും ഉണ്ട്. പ്രശ്‌നങ്ങൾ നേരിടുന്നവർ അത് തുറന്ന് പറയണം. പരാതി നൽകണം.
എല്ലായ്‌പ്പോഴും ശക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ് താൻ. കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടിവന്നിട്ടില്ല. നിലപാടുകളെ തുടർന്ന് സിനിമയിൽ അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. സിനിമയിൽ പവർഗ്രൂപ്പ് ഉണ്ട്. അതിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. സിനിമയിൽ അപ്രഖ്യാപത വിലക്ക് ഉണ്ട്. ഇതിന് താനും ഇരയായിട്ടുണ്ട്. കരാർ ഒപ്പുവച്ച 9 സിനിമകൾ ആണ് തനിക്ക് നഷ്ടമായതെന്നും ശ്വേത കൂട്ടിച്ചേർത്തു.
Discussion about this post