ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആണ് ഭഗവാൻ കൃഷ്ണൻ ഭൂമിയിൽ അവതാരമെടുത്തത്. ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും കൃഷ്ണ ജന്മാഷ്ടമി ആഘോഷപൂർവ്വമാണ് കൊണ്ടാടുന്നത്. ജന്മാഷ്ടമി സമയത്ത് ഇന്ത്യയിലെ പല വിശുദ്ധ ക്ഷേത്രങ്ങളും സ്ഥലങ്ങളും സന്ദർശിക്കുന്നത് ആഴത്തിൽ വേരൂന്നിയ നമ്മുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകം അനുഭവിക്കുന്നതിനുള്ള അവസരമാണ്. കൃഷ്ണഭക്തിയുടെ ലഹരി പൂർണ്ണമായതോതിൽ അറിയുന്നതിനായി ജീവിതത്തിൽ ഒരിക്കലെങ്കിലും വൈവിധ്യമാർന്ന ജന്മാഷ്ടമി ആഘോഷങ്ങൾ നടത്തുന്ന ഈ ക്ഷേത്രങ്ങൾ സന്ദർശിക്കേണ്ടതുണ്ട്.
ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം, മഥുര
ഭാരതത്തിലെ ജന്മാഷ്ടമി ആഘോഷങ്ങളുടെ പ്രഭവകേന്ദ്രമാണ് ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മസ്ഥലമായ മഥുര. കൃഷ്ണൻ ജനിച്ചതായി കരുതപ്പെടുന്ന കാരാഗൃഹത്തിന് ചുറ്റുമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രമാണ് കൃഷ്ണ ജയന്തി ആഘോഷങ്ങളുടെ മൂലസ്ഥാനം. ഭക്തിനിർഭരമായ ഭജനകളും പാട്ടുകളും നൃത്തവും എല്ലാമായി കൃഷ്ണൻ്റെ ജീവിതത്തിൻ്റെ പുനരാവിഷ്‌കാരങ്ങളുടെ മനോഹരമായ കാഴ്ച അഷ്ടമിരോഹിണി നാളിൽ ഇവിടെ കാണാൻ കഴിയും. ജന്മാഷ്ടമി നാളിൽ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിൽ ഭഗവാന് നടത്തുന്ന അർദ്ധരാത്രി മഹാ അഭിഷേകം ആണ് അഷ്ടമിരോഹിണി നാളിലെ ഈ ക്ഷേത്രത്തിന്റെ ആഘോഷങ്ങളെ വ്യത്യസ്തമാക്കുന്നത്.
ദ്വാരകാധീശ ക്ഷേത്രം, ദ്വാരക
ഗുജറാത്തിലെ പുരാതന നഗരമായ ദ്വാരകയിൽ സ്ഥിതി ചെയ്യുന്ന ദ്വാരകാധീശ ക്ഷേത്രം ഹൈന്ദവ വിശ്വാസപ്രകാരമുള്ള നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ഇവിടെ ദ്വാരകയിലെ രാജാവായാണ് കൃഷ്ണൻ ആരാധിക്കപ്പെടുന്നത്. ജന്മാഷ്ടമി കാലത്ത് സജീവമായ ആഘോഷങ്ങളാണ് ഇവിടെ നടക്കാറുള്ളത്. വിപുലമായ ആചാരാനുഷ്ഠാനങ്ങളോടൊപ്പം ഭജനകൾ, പ്രത്യേക ആരതി എന്നിവയാണ് ദ്വാരകാധീശ ക്ഷേത്രത്തിലെ ആഘോഷങ്ങളുടെ സവിശേഷത.
ബാങ്കെ ബിഹാരി ക്ഷേത്രം, വൃന്ദാവൻ
ശ്രീകൃഷ്ണൻ്റെ ബാല്യകാലവും യൗവനവുമായി അടുത്ത ബന്ധമുള്ള സ്ഥലമാണ് വൃന്ദാവനം. വൃന്ദാവനിലെ ബാങ്കെ ബിഹാരി ക്ഷേത്രം അതിൻ്റെ സവിശേഷമായ ആരാധനാ രീതിക്ക് പേരുകേട്ടതാണ്. ഇവിടെ ബാങ്കെ ബിഹാരി എന്നറിയപ്പെടുന്ന ശ്രീകൃഷ്ണ വിഗ്രഹത്തെ ജന്മാഷ്ടമി നാളിൽ അതിമനോഹരമായ വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച് ഒരുക്കുന്നത് തന്നെ ഒരു സവിശേഷ കാഴ്ചയാണ്. കൃഷ്ണൻ്റെയും രാധയുടെയും ദിവ്യ പ്രണയകഥ ചിത്രീകരിക്കുന്ന രസലീല നൃത്തങ്ങളും ഉത്സവകാലത്തെ ഒരു പ്രധാന ആകർഷണമാണ്.
Discussion about this post