നമ്മുടെ നാട്ടിലെ ട്രാഫിക് നിയമങ്ങൾ ഓരോ ദിവസം ചെല്ലുംതോറും കൺഫ്യൂഷനാക്കുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും പലതത്തിലുള്ള വിമർശനങ്ങൾക്കും ഇതെല്ലാം വഴിവച്ചിട്ടുമുണ്ട്. ഇതിൽ ഏറ്റവുമടുത്ത് വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവച്ച ഒന്നാണ് ഇരുചക്ര വാഹനങ്ങളുടെ പിറകിലിരുന്ന് സംസാരിച്ചാൽ ഫൈൻ എന്നത്.
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ സാങ്കേതിക ദിവ്യയെ ഉപയോഗിച്ചു തുടങ്ങിയത് ഗുണത്തേക്കാളേറെ ദോഷങ്ങളും ഉണ്ടാകുന്ന കാഴ്ച്ച കണ്ടുകഴിഞ്ഞു. ഭീമമായ പിഴകളാണ് ചിലപ്പോഴൊക്കെ സാങ്കേതിക പിഴയുടെ പേരിൽ ആളുകൾക്ക് ഒടുക്കേണ്ടി വരുന്നത്.
ഇത്തരത്തിൽ ട്രാഫിക് നിയമവുമായി ബന്ധപ്പെട്ട ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബംഗളൂരുവിലെ ഒരു കാർ ഡ്രൈവർ ബംഗളൂരു പോലീസിനെ ടാഗ് ചെയ്തുകൊണ്ട് എക്‌സിൽ പങ്കുവച്ച പോസ്റ്റ് ആണ് വൈറലായിരിക്കുന്നത്. കാറിൽ യാത്ര ചെയ്യുമ്പോൾ താൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് പഴ ചുമത്തിയെന്നും എന്നാൽ, താൻ സീറ്റ് ബെൽറ്റ് ഇട്ടിരുന്നെന്നും യുവാവ് പോസ്റ്റിൽ പറയുന്നു. കേശവ് കിസ്‌ലെ എന്ന യുവാവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
റോഡിൽ വച്ചിരുന്ന എഐ ക്യാമറയിൽ യുവാവ് ധരിച്ചിരുന്ന സീറ്റ്‌ബെൽറ്റ് കാണാൻ കഴിയാത്തതാണ് പണിയായത്. തന്റെ ഷർട്ടിന്റെ നിറമാണ് ഇതിന് കാരണമെന്നും യുവാവ് പറയുന്നു. കറുത്ത ടീഷർട്ട് ആണ് താൻ ഇട്ടിരുന്നത്. കറുത്ത ടീ ഷർട്ട് ധരിച്ച ഒരു വ്യക്തി സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടോ ഇല്ലയോ എന്ന് എഐ ക്യാമറ എങ്ങനെ തിരിച്ചറിയുമെന്ന് യുവാവ് എക്‌സിലൂടെ ചോദിക്കുന്നു. ഇതിനോടൊപ്പം എഐ ക്യാമറ എടുത്ത ചിത്രവും കേശവ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
കറുത്ത ഷർട്ട് ഇട്ടാൽ നിങ്ങൾക്കും ഫൈൻ ലഭിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. സംഭവം വൈറലായതോടെ, ബംഗളൂരു സിറ്റി ട്രാഫിക്കിന്റെ ഔദ്യോഗിക ഹാൻഡിലുമായി ബന്ധപ്പെടാൻ യുവാവിന്റെ ഇ-മെയിൽ ഐഡിയിലൂടെയും മൊബൈൽ നമ്പറിലൂടെയും നിർദേശം ലഭിച്ചിട്ടുണ്ട്.
Discussion about this post