ന്യൂഡൽഹി: അതിസമ്പന്നൻമാരുടെ പട്ടികയിൽ പിന്നിലായി റിലയൻസ് ഇൻടസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ആഗോള കോടീശ്വരന്മാരുടെ പട്ടികയിൽ നേരത്തെ നിന്നിരുന്ന സ്ഥാനത്ത് നിന്നും ഒരു സ്ഥാനം പിന്നിലായിരിക്കുകയാണ് ഇപ്പോൾ അദ്ദേഹം. പ്രമുഖ അമേരിക്കൻ എഐ ചിപ്പ് നിർമ്മാതാവായ എൻവിഡിയുടെ സ്ഥാപകനും, സിഇഒയുമായ ജെൻസൻ ഹുവാംഗ് ആണ് അംബാനിയെ മറികടന്നത്.
2023 ൽ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ 11ാം സ്ഥാനത്ത് ആയിരുന്നു മുകേഷ് അംബാനി. എന്നാൽ 2024 ലെ പട്ടിക പുറത്തുവന്നപ്പോൾ ഈ സ്ഥാനം 12 ആയി. 15ാം സ്ഥാനത്ത് ഗൗതം അദാനിയും ഉണ്ട്.
അടുത്തിടെയായി എൻവിഡിയയുടെ ഓഹരികൾ യുഎസ് സ്‌റ്റോക്ക് മാർക്കറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇതാണ് ജെൻസന് നിർണായക നേട്ടത്തിന് ഉടമയാക്കിയത്. 113 ബില്യൺ ഡോളർ ആണ് ജെൻസന്റെ ആസ്തി. ഇതേ ആസ്തി തന്നെയാണ് അംബാനിയ്ക്കും ഉള്ളത്. എന്നാൽ സൂക്ഷ്മ പരിശോധനയിൽ അംബാനിയെക്കാൾ മുൻതൂക്കം ജെൻസന് ലഭിക്കുകയായിരുന്നു.
അതേസമയം കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇലോൺ മസ്‌ക് തന്നെ തുടരുകയാണ്. 224 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഫ്രഞ്ച് വ്യവസായി ബെർണാഡ് അർനോൾട്ടിന് പട്ടികയിൽ രണ്ടാം സ്ഥാനം ആണ്. ജെഫ് ബെസോസ് മൂന്നാം സ്ഥാനത്തും, മാർക്ക് സക്കർബർഗ് നാലാം സ്ഥാനത്തും ഉണ്ട്. ബിൽഗേറ്റ്‌സിനാണ് അഞ്ചാം സ്ഥാനം.
Discussion about this post