ന്യുഡൽഹി: വൻകിട ഇ- കൊമേഴ്‌സ് സ്ഥാപനങ്ങളുടെ സമ്പൂർണ മേധാവിത്വത്തെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വില കുറച്ച് ഉത്പന്നങ്ങൾ വിറ്റ് ഇന്ത്യൻ വിപണികൾ കീഴടക്കാനുള്ള ശ്രമത്തിനാണ് കേന്ദ്രം മൂക്കുകയറിടുന്നത്. ഓൺലൈൻ വ്യാപാര രംഗത്തെ ഭീമന്മാരായ ആമസോൺ ഉൾപ്പെടെയുള്ള കമ്പനികളുടെ അനധികൃതമായ വിൽപ്പന രീതകൾ ഇന്ത്യയിലെ ചെറുകിട സ്ഥാപനങ്ങളെയും ഇടത്തരം സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതിനെ തുടർന്നാണ് നടപടി.
വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിലെ റിട്ടെയിൽ വ്യാപാരത്തിലെ 50 ശതമാനം, വിപണി വിഹിതം ഓൺലൈൻ വ്യാപാര മേഖല കീഴടക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് അഭിമാനത്തേക്കാളേറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്. എന്നാൽ, ഇ-കൊമേഴ്‌സ് വിപണിയെ പൂർണമായി അവഗണിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മേഖലയിൽ സമഗ്രമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ- കൊമേഴ്‌സ് രംഗത്തെ ഭീമന്മാരായ ആമസോണും ഫ്‌ളിപ്പ്കാർട്ടും പോലെയുള്ളവർ വിപണി വിലയേക്കാൾ കുറഞ്ഞ വിലയിലാണ് ഉത്പ്പന്നങ്ങൾ വിറ്റഴിക്കുന്നത്. പത്ത് കോടിയിലധികം ഇടത്തരം, ചെറുകിട വിപണികളുടെ നിലനിൽപ്പിനെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. മരുന്നുകളുടെ ഓൺലൈൻ വിൽപ്പന അഞ്ച് ലക്ഷത്തിലധികം മെഡിക്കൽ സ്‌റ്റോാറുകളുടെ നിലനിൽപ്പാണ് അവതാളത്തിലാക്കുന്നതെന്നും കേന്ദ്ര സർക്കാർ വിലയിരുത്തുന്നു.
Discussion about this post