ന്യൂഡൽഹി; മുൻപ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി എപ്പോഴും നേരിടുന്ന ചോദ്യമാണ് എപ്പോൾ വിവാഹം കഴിക്കും എന്നത്. നിലവിൽ 50 കളിലായ കോൺഗ്രസിന്റെ യുവനേതാവ് പലപ്പോഴും ഇത്തരം ചോദ്യങ്ങൾക്ക് സരസമായ ഉത്തരമാണ് നൽകാറുള്ളത്. എനിക്ക് ചേർന്നൊരു പെൺകുട്ടി വരുമ്പോൾ വിവാഹം കഴിക്കാമെന്നതായിരുന്നു രാഹുലിന്റെ സ്ഥിരം മറുപടി.
ഇത്തവണ ശ്രീനഗറിലെ ഒരു കൂട്ടം പെൺകുട്ടികളും രാഹുലിനോട് വിവാഹക്കാര്യത്തെ കുറിച്ച് ചോദിച്ചു.തുറന്ന സ്ഥലത്തായിരുന്നു ഒരു മേശയ്ക്ക് ചുറ്റും രാഹുലും വിദ്യാർത്ഥികളും ഒന്നിച്ചിരുന്നത്. വിവാഹത്തെക്കുറിച്ച് പ്ലാനിങ് നടത്തിയോ എന്നതായിരുന്നു കൂട്ടത്തിലൊരാൾ ഉന്നയിച്ച ചോദ്യം.ഇരുപത് മുപ്പത് വർഷമായി ഞാൻ ഈ ചോദ്യം അഭിമുഖീകരിക്കുന്നു. ഇത്രയും വർഷം ഈ സമ്മർദ്ദത്തെ അതിജീവിക്കാൻ എനിക്ക് സാധിച്ചു. യഥാർത്ഥത്തിൽ ഞാൻ വിവാഹം കഴിച്ചു, കോൺഗ്രസ് പാർട്ടിയെ. പാർട്ടിയുടെ മുഴുനീള പ്രവർത്തകനായി മാറിക്കഴിഞ്ഞു’ ഇതായിരുന്നു രാഹുലിന്റെ മറുപടി.
മേയിൽ, റായ്ബറേലിയിൽ നാമനിർദേശം സമർപ്പിച്ചതിന് പിന്നാലെ ആദ്യമായി മണ്ഡലത്തിൽ റാലി നടത്തിയപ്പോൾ രാഹുൽ ഈ ചോദ്യം അഭിമുഖീകരിച്ചിരുന്നു. ആൾക്കൂട്ടത്തിൽ നിന്ന് ആരോ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ സമ്മേളനത്തിനെത്തിയ പ്രിയങ്ക രാഹുലിനോട് പറയുകയായിരുന്നു. എന്താണ് ചോദ്യം എന്ന് രാഹുൽ ചോദിച്ചപ്പോഴാണ് ‘ഷാദി കബ് കരോഗേ (നിങ്ങൾ എപ്പോഴാണ് വിവാഹം കഴിക്കുക)? എന്ന ചോദ്യമുയർന്നത്. അത് ഉടൻ ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി അന്ന് പറഞ്ഞിരുന്നു.
Discussion about this post