എറണാകുളം : തലയ്ക്കുള്ളിൽ എന്തെങ്കിലും ഉള്ള ആളുകൾ ഭരണസമിതിയിൽ വന്നലാണ് നല്ല മാറ്റമുണ്ടാകുക എന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. പ്രതിഛായ നഷ്ടപ്പെട്ട ഭരണസമിതി തുടരുന്നതിൽ അർത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. പിരിച്ചു വിട്ട ഭരണസമിതിയിൽ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു ജോയ് മാത്യു.
അമ്മ സംഘടനയുടെ ഭരണസമിതിയിൽ നിന്നുള്ള കൂട്ടരാജി ഒളിച്ചോട്ടമല്ല. ഈ സംഘടനയെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് അവശകലാകാരന്മാരുണ്ട്. അതുകൊണ്ട് സംഘടന നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്. ഒരു വീട്ടിലെ എല്ലാ മക്കളും ഒരുപോലെ ആകണമെന്നില്ലല്ലോ . ഇനി പുതിയ തലമുറകൾ വരട്ടേ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
സംഘടനയാകെ നാണംകെട്ട അവസ്ഥയിലല്ല. സംഘടന പിരിച്ചു വിട്ടിട്ടും ഇല്ല. ഭരണസമിതി മാത്രമാണ് പിരിച്ചു വിട്ടത്. പ്രധാനപ്പെട്ട ഉത്തരവാദിത്തം വഹിക്കുന്ന രണ്ടു പേരായതുകൊണ്ടാണ് ഭരണസമിതി പിരിച്ചുവിട്ടത്. ക്വാറം തികയാത്ത സമിതിയായി കൊണ്ടു നടക്കുന്നതിൽ അർഥമില്ല. ആരുടെയും സമ്മർദ്ദമില്ലാതെ കൂട്ടായി എടുത്ത തീരുമാനമാണ് ഈ രാജി. ആരുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നവരല്ല ഞങ്ങൾ. ഹേമ കമ്മിറ്റി പുറത്തു വന്ന സാഹചര്യത്തിൽ പുതിയ കമ്മിറ്റി പുതിയ രീതിയിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. സംഘടന ശക്തമായി മുൻപോട്ടു പോകും. അതിനു പ്രാപ്തിയുള്ളവർ ഇതിലുണ്ട്,’ ജോയ് മാത്യു പറയുന്നു.
ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ ഉടലെടുത്ത വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും അമ്മയിൽ നിന്ന് രാജിവച്ചു. സംഘടനയുടെ 17 അംഗ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു.
Discussion about this post