ടെലഗ്രാം എന്ന മെസേജിങ്ങ് ആപ്ലിക്കേഷൻ സ്ഥാപകനായ പാവേൽ ദുറോവ് കഴിഞ്ഞ ആഴ്ച ഫ്രാൻസിൽ അറസ്റ്റിലായിരുന്നു. ടെലഗ്രാമിൻറെ സ്വകാര്യതയുമായി ബന്ധപ്പെട്ട ജുഡീഷ്യൽ അന്വേഷണത്തിനിടെയാണ് പാവേൽ ദുറോവിനെ ഫ്രഞ്ച് അധികൃതർ അറസ്റ്റ് ചെയ്തത്. റഷ്യയുടെ മാർക്ക് സുക്കർബർഗ് എന്നറിയപ്പെടുന്ന പാവേൽ ദുറോവ് ലോകമെമ്പാടുമുള്ള വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. 2014 ൽ ആണ് പവൽ ദൂറോ ടെലഗ്രാം സ്ഥാപിക്കുന്നത്. മറ്റ് മെസേജിങ്ങ് ആപ്പുകളുപോലെ നിയന്ത്രണങ്ങളൊന്നുമില്ലാത്ത തീർത്തും സ്വകാര്യമായ ടെലഗ്രാം ആപ്പ് വളരെപെട്ടെന്നാണ് സബ്സ്ക്രൈബേർസിനെ ആകർഷിച്ചത്. ഇതു കൊണ്ടുതന്നെ ലോകമെമ്പാടും ടെലഗ്രാം ആപ്പ് വളരെ പെട്ടെന്ന് തന്നെ പ്രചാരണം നേടി.
എത്ര വലിയ ഫയലുകളും വളരെ പെട്ടെന്ന് കൈമാറാം എന്നുള്ളതാണ് ടെലഗ്രാമിനെ സാധാരണക്കാരുടെ ഇടയിൽ പ്രചാരം നേടാൻ ഇടയാക്കിയത്. എന്നാൽ ഒരു സർക്കാർ ഏജൻസിക്കും കണ്ടും പിടിക്കാനാവാത്ത സ്വകാര്യതയായിരുന്നു രഹസ്യ സംഘങ്ങളെയും ഭീകരസംഘങ്ങളെയും ഇതിലേക്ക് ആകർഷിച്ചത്. ഐസിസ് മുതൽ ലഷ്ക്കറെ തോയ്ബ വരെ ടെലഗ്രാം ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയിരുന്നത്. ആർക്കും കണ്ടെത്താനാവാത്ത എൻക്രിപ്ഷൻ രീതികളാണ് ടെലഗ്രാം ഉപയോഗിച്ചിരുന്നത് എന്നാണ് ഇതിന് കാരണമായത്. ലോകമെമ്പാടുനിന്നും സബ്സ്ക്രൈബർമാർ കൂടിയപ്പോൾ പവർ ഡൂറോവിൻറെ കീശയിൽ കോടിക്കണക്കിനു ഡോളർ കുമിഞ്ഞു കൂടി.
റഷ്യയിലാണ് പവൽ ദൂറോവ് ജനിച്ചതെങ്കിലും പ്രൊഫസറായ അച്ഛനോടൊപ്പം ഇറ്റലിയിലാണ് കുട്ടിക്കാലം ചിലവഴിച്ചത്. പിന്നീട് അച്ഛന് സെൻറ് പീറ്റേഴ്സ് ബർഗ് സർവ്വകലാശാലയിൽ ജോലി ലഭിച്ചപ്പോൾ കുടുംബം റഷ്യയിലേക്ക് തിരികെ എത്തി. 2006ലാണ് ഫെയ്സ്ബുക്കിൻറെ പ്രചാരത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് പവൽ ദൂറോവും കുറച്ചു സുഹൃത്തുക്കളും ചേർന്ന് വി കെ എന്ന റഷ്യൻ സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റ് ആരംഭിച്ചത്.
ഇസ്രായേലിൽ നിന്നുള്ള സഹപാഠിയായ ലെവ് ബെൻസുമോവിച്ച് ലെവീവ് കൂടി ചേർന്നതോടെ വി കെ വൻ പ്രചാരം നേടി. ബെൻസുമോവിച്ചിൻറെ സഹോദരൻ നിക്കോളായ് ആണ് വി കെ യ്ക്കു വേണ്ട പ്രോഗ്രാമിങ്ങും മറ്റും നടത്തിയത്. പ്രോഗ്രാമിങ്ങിലും ഗണിത ശാസ്ത്ര മത്സരങ്ങളിലും വളരെ അധികം സമ്മാനങ്ങൾ നേടിയിട്ടുള്ള ബാല പ്രതിഭയായിരുന്നു നിക്കോളായ്.
2014ൽ പാവേൽ ദുറോ വി കെയിൽ നിന്ന് രാജിവെച്ചു. കാരണങ്ങൾ ഇന്നും അജ്ഞാതമാണ്. ഉക്രേനിയൻ പ്രതിഷേധക്കാരുടെ വിവരങ്ങൾ വ്ലാഡിമർ പുട്ടിനു നൽകാൻ വിസമ്മതിച്ചതുകൊണ്ട് റഷ്യൻ സർക്കാരിൻറെ സമ്മർദ്ദത്തിനു വഴങ്ങിയാണ് രാജിവെച്ചത് എന്നാണ് അഭ്യൂഹങ്ങൾ. എന്തായാലും വി കെ വിട്ടപ്പോൾ തൻറെ നിക്ഷേപമായ ശതകോടി കണക്കിനു ഡോളറുകൾ പവൽ ദൂറോവിൻറെ കൈകളിലെത്തി. അത് ഉപയോഗിച്ചു പവൽ ദൂറോവ് വെസ്റ്റ് ഇൻഡീസ് രാജ്യങ്ങളിലൊന്നിൽ അഭയം തേടിയ ശേഷം അവിടെ ഇരുന്നാണ് ടെലഗ്രാം തുടങ്ങിയത്.
ഇൻറർനെറ്റ് ബിസിനസിനുവേണ്ടി റഷ്യ വളർന്നിട്ടില്ല എന്നതുകൊണ്ടാണ് ആ രാജ്യം വിടുന്നതെന്നാണ് പവൽ ദൂറോവ് അന്ന് പ്രതികരിച്ചത്. പിന്നീട് ടെലഗ്രാമിൻറെ കുതിച്ചു കയറ്റമായിരുന്നു. ഇന്ന് നൂറുകോടിയോളം സബ്സ്ക്രൈബേർസുമായി ലോകത്തെ പ്രധാന മെസേജിങ്ങ് പ്ലാറ്റ്ഫോമുകളിലൊന്നായി ടെലഗ്രാം വളർന്നു. അപ്പോഴും സർക്കാർ ഏജൻസികൾക്കൊന്നും തൻറെ സബ്സ്ക്രൈബേർസിൻറെ വിവരം നൽകാൻ പവൽ ദൂറോ അനുവദിച്ചില്ല. ഒരേ സമയം സ്വാതന്ത്ര്യത്തിനായി പോരാടുന്നവരുടെയും അതേ സമയം ഭീകരവാദികളുടെയും ഇഷ്ടപ്പെട്ട ആപ്പായി ടെലഗ്രാം മാറുന്നതും അതുകൊണ്ടാണ്.
പവൽ ഡൂറോവിൻറെ രീതികൾ വളരെ വിചിത്രമാണ്. കഫീൻ, മാംസം, മരുന്നുകൾ, മദ്യം, ഫാസ്റ്റ് ഫുഡ് ഇവയൊന്നും കഴിഞ്ഞ പതിനഞ്ച് വർഷമായി അയാൾ ഉപയോഗിച്ചിട്ടില്ല. മത്സ്യം കഴിക്കാറുണ്ട്. ചിലപ്പോൾ ആഴ്ചകളോളം ഒന്നും കഴിക്കാതെ പട്ടിണികിടക്കും. ഇതെല്ലാം തൻറെ ശരീരം ചെറുപ്പമായി സംരക്ഷിക്കാനും മനസ്സിൻറെ ചിന്താശേഷിയും ബുദ്ധിശക്തിയും കുറയാതെ നോക്കാനുമാണെന്നാണ് പവൽ ദൂറോവിൻറെ അവകാശ വാദം.
പവൽ ദൂറോവിന് നൂറിലധികം കുട്ടികളുണ്ടെന്നാണ് പറയപ്പെടുന്നത്. കുട്ടികളില്ലാത്ത ദമ്പതിമാർക്ക് ഇയാൾ സൌജന്യമായി ബീജം ദാനം ചെയ്യാറുണ്ട്. അങ്ങനെയാണ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ പന്ത്രണ്ട് രാജ്യങ്ങളിലായി നൂറിലധികം കുട്ടികൾ പവൽ ദൂറോവിനുള്ളത്. 2017ൽ പവൽ ദൂറോവ് യുഎഇയിലേക്ക് താമസം മാറി. 2020 ൽ ദൂറോവിന് യുഎഇ പൌരത്വവും നൽകി. ഫ്രാൻസിലും ദൂറോവിന് പൌരത്വമുണ്ടെന്നാണ് വാർത്തകൾ പുറത്തുവരുന്നത്.
അറസ്റ്റിലാവുന്നതിന് മുൻപുള്ള പവൽ ദൂറോവിൻറെ അവസാനം സന്ദേശം വന്നിരിക്കുന്നത് ഓഗസ്റ്റ് 14 ന് ആണ് . അതിലയാൾ ഇങ്ങനെ എഴുതിയിരിക്കുന്നു, ”1995 ൽ എൻറെ പതിനൊന്നാമത്തെ പിറന്നാൾ ദിവസം ഞാൻ എന്നോട് തന്നെ വാക്കുകൊടുത്തു, ഇനിയുള്ള ഓരോ ദിവസവും എന്നെ കൂടുതൽ സമർത്ഥനും, ശക്തനും, സ്വതന്ത്രനുമാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇന്ന് ടെലഗ്രാമിനു പതിനൊന്നു വയസ്സാവുകയാണ്. ഞാൻ അതേ ഉറപ്പ് ടെലഗ്രാമിനും നൽകുകയാണ്. ഇന്നു മുതൽ ടെലഗ്രാം കൂടുതൽ ശക്തവും സമർത്ഥവും സ്വതന്ത്രവുമായിക്കൊണ്ടേയിരിക്കും. ഇതാണ് ഞാൻ നൽകുന്ന ഉറപ്പ്”.
എന്തായാലും പവൽ ദൂറോവിൻറെ അറസ്റ്റ് ലോകമെമ്പാടും പ്രതിഷേധങ്ങൾക്ക് കാരണമാവുകയാണ്. റഷ്യയിൽ മുതൽ പാരിസിൽ വരെ പവൽ ദൂറോവിൻറെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധ റാലികൾ നടക്കുന്നുണ്ട്.
Discussion about this post