ലഖ്‌നൗ : സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ, ദേശവിരുദ്ധ പ്രചാരണങ്ങൾക്ക് കടിഞ്ഞാണിടാൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സമൂഹമാദ്ധ്യമങ്ങളിലെ ഇടപെടലുകൾക്ക് സർക്കാർ പുതിയ നയം പ്രഖ്യാപിച്ചു. രാജ്യവിരുദ്ധ പോസ്റ്റുകൾക്ക് ജീവപര്യന്തം തടവുവരെ ശിക്ഷയായി ലഭിക്കുന്നതാണ് ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ നയം.
സമൂഹമാദ്ധ്യമങ്ങൾ വഴി ആക്ഷേപകരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് തടയാനാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. ദേശവിരുദ്ധമോ സാമൂഹികവിരുദ്ധമോ വ്യാജവാർത്തകളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി നിർബന്ധമാക്കുന്നതാണ് പുതിയ നയം. കൂടാതെ പ്രകോപനപരമായ പെരുമാറ്റം, അസഭ്യം, അശ്ലീലം എന്നിവയ്ക്കും കടുത്ത ശിക്ഷ തന്നെ ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ ഡിജിറ്റൽ നയം ഉറപ്പാക്കുന്നു.
ഇതോടൊപ്പം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ മികച്ച ഇടപെടലുകൾ നടത്തുന്നവർക്ക് പ്രത്യേക പാരിതോഷികങ്ങൾ നൽകാനും പുതിയ നയത്തിൽ വ്യക്തമാക്കുന്നുണ്ട്. ഫേസ്ബുക്ക്, എക്സ്,ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ക്ഷേമ പദ്ധതികളും സംസ്ഥാന പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിമാസം 8 ലക്ഷം രൂപ വരെ പാരിതോഷികങ്ങൾ നൽകാമെന്നും ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ ഡിജിറ്റൽ നയം വ്യക്തമാക്കുന്നു.
Discussion about this post