എറണാകുളം : അമ്മ ഭരണസമിതിയുടെ കൂട്ടരാജി ഭീരുത്വം എന്ന് പാർവ്വതി തിരുവോത്ത്. മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് ഇത് എന്ന് താരം പറഞ്ഞു.
മാദ്ധ്യമങ്ങളിൽ നിന്നടക്കം ഒഴിഞ്ഞുമാറാനുള്ള ശ്രമമാണിത്. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നിൽ അണിനിരന്നത്. സർക്കാർ ഗുരുതരമായ നിരുത്തരവാദിത്തം പുലർത്തി. ഇരകൾക്കൊപ്പമല്ലെന്ന നിലപാടാണ് ഇതിലൂടെ വ്യക്തമായത്. കൂടുതൽ പരാതികളുമായെത്തിയ സഹപ്രവർത്തകരെ ബഹുമാനിക്കുന്നു. ഇത് ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള സമയമാണെന്നും പാർവ്വതി തിരുവോത്ത് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് മോഹൻലാലുൾപ്പെടെയുള്ള ഭരണസമിതി പിരിച്ചുവിട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെയാണ് കൂട്ട രാജിയിലേക്കെത്തിയത്.
Discussion about this post