ന്യൂഡൽഹി: അസാധാരണമായ എന്നാൽ അൽപ്പം ചിരിയും കൗതുകവും ദയയും അങ്ങനെ പല പല വികാരങ്ങൾ ഒരേസമയം വരുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ സംഭവിച്ചത്. പാകിസ്താനിൽ നിന്ന് രേഖകൾ ഒന്നുമില്ലാതെ ഇന്ത്യയിലെത്തിയ ഇരുപതുകാരനായ യുവാവിനെ അതിർത്തിയിലെ ഗ്രാമവാസികൾ ചേർന്ന് പിടികൂടി ബിഎസ്എഫിനെ ഏൽപ്പിച്ചു.പാകിസ്താനിസെ തർപാർക്കർ ജില്ലയിലെ അക്ലി ഖരോഡിയിൽ താമസിക്കുന്ന ജഗ്സി കോലി എന്ന 20 വയസുള്ള യുവാവാണ് പിടിയിലായത്.ഗ്രാമത്തിൽ കണ്ട് പരിചയമില്ലാത്ത യുവാവ് പാകിസ്താനിലെ തർപാർക്കർ ഗ്രാമത്തിലേക്ക് പോകുന്ന ഒരു ബസിനെ കുറിച്ച് പ്രദേശവാസികളോട് ചോദിച്ചതോടെയാണ് സംശയം തോന്നുന്നതും പിടികൂടുന്നതും.അറസ്റ്റിലാവുമ്പോൾ താൻ ഇന്ത്യയിൽ എത്തിപ്പെട്ടെന്ന് മനസിലാക്കുവാൻ പോലും ആ യുവാവിന് ആയില്ല. ഇതിലെന്താണ് ഇത്ര കൗതുകം എന്നല്ലേ…
യുവാവ് ഗ്രാമത്തിൽ എത്തിപ്പെടാനുണ്ടായ കഥയാണ് അസാധാരണം. അതിർത്തിയിൽ നിന്നും എട്ട് കിലോമീറ്റർ അകലെയുള്ള മറ്റൊരു ഗ്രാമത്തിലെ 17 കാരിയുമായി യുവാവ് പ്രണയത്തിലായിരുന്നു. കാമുകിയുമായി ഒളിച്ചോടാനായി ആഗസ്റ്റ് 24 ന് രാത്രി യുവാവ് പെൺകുട്ടിയുടെ ഗ്രാമത്തിലെത്തി. എന്നാൽ, കാമുകി ഒളിച്ചോടാൻ തയ്യാറായില്ല. ഇതോടെ പ്രതിസന്ധിയിലായ യുവാവ് പെൺകുട്ടിയുടെ സ്‌കാർഫ് തട്ടിയെടുത്ത് തൂങ്ങി മരിക്കുമെന്ന് ഭീഷണി മുഴക്കി. പക്ഷേ, കമ്പൊടിഞ്ഞ് താഴെ വീണ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ എത്തി ക്രൂരമായി മർദ്ദിച്ചു.ഇതിന് പിന്നാലെ അർദ്ധ രാത്രിയിൽ ദിക്കറിയാതെ ഓടിയാണ് താൻ ഇന്ത്യൻ ഗ്രാമത്തിലെത്തിയതെന്ന് ജഗ്സി കോലി പറഞ്ഞതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ പറയുന്നു.
യുവാവിൽ നിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതാദ്യമായാണ് ഇയാൾ ഇന്ത്യയിൽ പ്രവേശിക്കുന്നതെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ പോലീസിന് കൈമാറും. രാജ്യത്തെ മറ്റ് അന്വേഷണ ഏജൻസികളും യുവാവിനെ ചോദ്യം ചെയ്യും.
Discussion about this post