തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
അറബിക്കടലിൽ അസ്‌ന ചുഴലിക്കാറ്റ് രൂപപ്പെടുന്ന സാഹചര്യത്തിലാണ് നിലവിൽ സംസ്ഥാനത്ത് മഴയ്ക്ക് കാരണം ആകുന്നത് എന്നാണ് വിവരം. ഇതിന് പുറമേ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും ഉണ്ട്. വടക്കൻ ജില്ലകളിൽ ആയിരിക്കും അതിശക്തമായ മഴ ലഭിക്കുക. അതിനാൽ നാല് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം മുതൽ പത്തനംതിട്ടവരെ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി ഇന്നലെ മുതൽ തന്നെ സംസ്ഥാനത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രാത്രി മൊത്തം നീണ്ടുനിന്ന ശക്തമായ മഴ ഇപ്പോഴും പലഭാഗങ്ങളിലും തുടരുന്നുണ്ട്. വരും മണിക്കൂറുകളിൽ മഴ ഇതിലും ശക്തിപ്രാപിക്കാനാണ് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.
മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ തീരമേഖലകളിൽ താമസിക്കുന്നവർക്ക് മുന്നറിപ്പ് നൽകിയിട്ടുണ്ട്. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ കടലിൽ പോകരുത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
Discussion about this post