നമ്മുടെ ജീവിതത്തിലെ പ്ലാസ്റ്റികിന്റെ ഉപയോഗം അപകടകരമായ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മൈക്രോപ്ലാസ്റ്റികിന്റെ സാന്നിധ്യം മനുഷ്യ ജീവന് ഭീഷണിയോ എന്ന ചർച്ചകൾ പൊടിപൊടിക്കുന്നുണ്ട്. മനുഷ്യ ശരീരത്തിന്റെ പലഭാഗങ്ങളിലും അടുത്തിടെ മൈക്രോപ്ലാസ്റ്റികിന്റെ സാന്നധ്യം കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ മനുഷ്യന്റെ തലച്ചോറിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്.
അമേരിക്കയിൽ നിന്നുള്ള ഗവേഷകരാണ് ഇത് സംബന്ധിച്ചുള്ള പഠനം നടത്തിയിരിക്കുന്നത്. മനുഷ്യശരീരത്തിലെ വൃക്ക, കരൾ, തലച്ചോർ എന്നിവയിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് ഗവേഷകർ ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. കരൾ, വൃക്ക എന്നീ അവയവങ്ങളിനേക്കാൾ 30 ശതമാനം കൂടുതൽ മൈക്രോപ്ലാസ്റ്റികിന്റെ സാന്നിധ്യം മസ്തിഷ്‌കത്തിൽ നിന്നും കണ്ടെത്തിയെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
തലച്ചോറിൽ ഉയർന്ന അളവിൽ ശക്തപ്രവാഹം നടക്കുന്നതുകൊണ്ടാകാം ഇവിടെ മൈക്രോപ്ലാസ്റ്റികിന്റെ അളവ് കൂടുതൽ കണ്ടെത്താൻ കാരണമെന്നാണ് വിലയിരുത്തൽ. രക്തത്തിലൂടെ തലച്ചോറിലെത്തുന്ന ഇവ രക്തത്തിലൂടെ തന്നെ ശരീരത്തിന്റെ മറ്റ് പല ഭാഗത്തേക്കും എത്തുന്നു.
കുപ്പികളുടെ അടപ്പ്, പ്ലാസ്റ്റിക് ബാഗുകൾ എന്നിവ ഉണ്ടാക്കൻ ഉപയോഗിക്കുന്ന പോളിതിലിൻ അടങ്ങിയ മൈക്രോപ്ലാസ്റ്റിക് ആണ് അവയവങ്ങളിൽ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. ശുദ്ധമല്ലാത്ത ഭക്ഷണം, വെള്ളം എന്നിവയിലൂടെയാകാം ഇത്തരം മൈക്രോ പ്ലാസ്റ്റികുകൾ ശരീരത്തിലെത്തുന്നതെന്നാണ് കണ്ടെത്തൽ. ഇതോടൊപ്പം, വായുവിലൂടെയും മൈക്രോപ്ലാസ്റ്റിക് ശരീരത്തിലേയ്ക്ക് എത്തുന്നുണ്ട്.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് മൈക്രോപ്ലാസ്റ്റിക് മൂലം ശരീരത്തിൽ ഉണ്ടാകുന്നത്. തലച്ചോറിൽ മൈക്രോ പ്ലാസ്റ്റിക് അടിയുന്നത് വീക്കം, കോശങ്ങളിൽ ക്ഷതം തുടങ്ങിയവയ്ക്കും തലച്ചോറിലെ ഘടനയിൽ മാറ്റമുണ്ടാകുന്നതിനും കാരണമാകുമെന്ന് ഗവേഷകർ പറയുന്നു.
Discussion about this post