തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള ഇപി ജയരാജന്റെ രാജി സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ടിപി രാമകൃഷ്ണൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എൽഡിഎഫ് കൺവീനറായി തുടരാൻ ഇപി ജയരാജന് പരിമിതികളുണ്ട്. ഇടതുപക്ഷത്തിന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നതിൽ അദ്ദേഹത്തിന് പരിമിതികൾ ഉണ്ടായി. ഇതാണ് ഒരു മാറ്റത്തെ കുറിച്ച് തീരുമാനിക്കാൻ കാരണം. ഇതോടൊപ്പം തിരഞ്ഞെടുപ്പ് ഘട്ടത്തിൽ നടത്തിയ ചില പ്രസ്താവനകളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ അന്ന് തന്നെ ഉണ്ടായിരുന്നു. ഇതും രാജിയ്ക്ക് പിന്നിലെ കാരണമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ അമാന്തം കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യതയെ ബാധിക്കുന്ന പരാമർശം ഉള്ളത് കൊണ്ടാണ് റിപ്പോർട്ട് പുറത്ത് വിടാഞ്ഞത്. ഹേമ കമ്മിറ്റിയുടെ ആവശ്യപ്രകാരമായിരുന്നു നടപടിയെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎ എന്ന തരത്തിലുള്ള യാതൊരു ആനുകൂല്യങ്ങളും മുകേഷിന് നൽകില്ല. സിനിമാ നയരൂപീകരണ സമിതിയിൽ നിന്നും മുകേഷിനെ ഒഴിവാക്കും. രാജി വയ്ക്കുന്നത് സാമാന്യ നീതിയുടെ നിഷേധമാണ്. നീതി എല്ലാവർക്കും ലഭ്യമാക്കണമെന്നാണ് പാർട്ടിയുടെ നയം. സ്വതന്ത്ര്യവും നിഷ്പക്ഷവുമായ നടപടി ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post