ന്യൂഡൽഹി: മലയാള സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണം തുറന്നുകാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. റിപ്പോർട്ടിന്റെ പൂർണ രൂപം പുറത്തുവിടാൻ ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. നിലവിൽ പുറത്തുവന്ന റിപ്പോർട്ടിൽ ഗൗരവതരമായ കണ്ടെത്തലുകൾ നിരീക്ഷിച്ചതിനെ തുടർന്നാണ് റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിടാൻ ആവശ്യപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട് കമ്മീഷൻ ഔദ്യോഗിക പത്രക്കുറിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗൗരവമുള്ള കണ്ടെത്തലുകൾ ആണ് ഉള്ളതെന്ന് കമ്മീഷൻ വ്യക്തമാക്കി. ലിംഗ വിവേചനം, തൊഴിലിടത്തിലെ പീഡനം, മറ്റ് ചൂഷണങ്ങൾ എന്നിവ നിലനിൽക്കുന്നുണ്ട്. ഇതിന്റെയെല്ലാം പരിണിത ഫലം അനുഭവിക്കുന്നത് മലയാള സിനിമാ രംഗത്തെ സ്ത്രീകൾ ആണ്. അതുകൊണ്ട് തന്നെ ഇതിൽ കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും നടപടി സ്വീകരിക്കുന്നതിനും റിപ്പോർട്ടിന്റെ പൂർണ രൂപം പുറത്തുവരേണ്ടതുണ്ട്.
നിലവിൽ റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ പൊതുസമൂഹത്തിൽ നിന്നും മറച്ചുവച്ചിരിക്കുകയാണ്. സിനിമാ മേഖലയിലെ ചൂഷണത്തിനെതിരെ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. തൊഴിൽ രംഗത്ത് സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും ഉയർത്തിപ്പിടിക്കേണ്ടത് ഉണ്ടെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.
Discussion about this post