ടെഹ്‌റാൻ: ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം പുറത്ത്. കാലാവസ്ഥ വ്യതിയാനമാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് അന്തിമ റിപ്പോർട്ട്. ഇബ്രാഹിം റെയ്‌സിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം തള്ളുന്നതാണ് ഈ റിപ്പോർട്ട്.
ഇറാനിലെ ദേശീയ മാദ്ധ്യമങ്ങളാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. അപകടമുണ്ടായ മേഖലയിൽ കനത്ത മൂടൽ മഞ്ഞായിരുന്നു അനുഭവപ്പെട്ടത്. അതിനാൽ പൈലറ്റിന് കാഴ്ച വ്യക്തമായിരുന്നില്ല. ഇതേ തുടർന്ന് ഹെലികോപ്റ്റർ മലനിരകളിൽ ഇടിച്ച് അപകടം ഉണ്ടാകുകയായിരുന്നു. സംഭവത്തിൽ യാതൊരു ദുരൂഹതയും ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ മെയിൽ ആയിരുന്നു ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ മരണം അടഞ്ഞത്. ഉദ്യോഗസ്ഥരുമൊത്ത് യാത്ര ചെയ്യുന്നതിനിടെ അസർബൈജാൻ അതിർത്തിയ്ക്ക് സമീപം ഹെലികോപ്റ്റർ തകരുകയായിരുന്നു.
ഇസ്രായേൽ- ഹമാസ് സംഘർഷങ്ങൾക്കിടെയുണ്ടായ അദ്ദേഹത്തിന്റെ മരണം വലിയ ദുരൂഹതയായിരുന്നു ഉയർത്തിയിരുന്നത്. ഭീകരാക്രമണമാണ് ഉണ്ടായത് എന്ന് ആയിരുന്നു സംശയം. ഇതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ ഇറാൻ സൈന്യം ഉന്നതതല സമിതി രൂപീകരിച്ചു. ഈ സമിതിയാണ് ഇപ്പോൾ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
Discussion about this post