ചെന്നൈ: മലയാള സിനിമാ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് തമിഴ്‌നടൻ രജനി കാന്ത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം തേടിയ മാദ്ധ്യമ പ്രവർത്തകനോട് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ അദ്ദേഹം അതിവേഗം നടന്ന് നീങ്ങുകയും ചെയ്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇതിനോടകം തന്നെ നിരവധി തെന്നിന്ത്യൻ താരങ്ങൾ ആണ് പ്രതികരിച്ചത്. രാധിക ശരത്കുമാർ, ജീവ, വിശാൽ തുടങ്ങി മുൻ നിര താരങ്ങൾ വരെ തങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും തുറന്നുപറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് രജനികാന്തിനോട് അഭിപ്രായം ആരാഞ്ഞത്. എന്നാൽ തനിക്കേ അതേക്കുറിച്ച് ഒന്നും അറിയില്ലെന്നും ക്ഷമിക്കണം എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. രജനി കാന്ത് മറുപടിയൊന്നും നൽകാതിരുന്നത് ഏറെ ചർച്ചയായിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രാധിക ശരത് കുമാർ മലയാള സിനിമാ മേഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആയിരുന്നു നടത്തിയത്. ലൊക്കേഷനുകളിൽ നടിമാർ വസ്ത്രം മാറുന്നത് ഒളി ക്യാമറ വച്ച് പകർത്തുവെന്നായിരുന്നു രാധിക പറഞ്ഞത്. തന്നെ മലയാളത്തിലെ പ്രമുഖ സംവിധായകൻ ഹോട്ടലിലേക്ക് വിളിപ്പിച്ചു എന്നും അദ്ദേഹത്തിന്റെ താത്പര്യത്തിന് വഴങ്ങാതിരുന്നതോടെ സിനിമ നഷ്ടമായി എന്നും പ്രശസ്ത നടി ലക്ഷ്മി രാമകൃഷ്ണനും വെളിപ്പെടുത്തിയിരുന്നു.
Discussion about this post