ജയ്പൂർ: രാജസ്ഥാനിൽ എസ്‌ഐ പരീക്ഷയിൽ വ്യാപക ക്രമക്കേട്. സംഭവത്തിൽ മുൻ പിഎസ്‌സി അംഗം ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിഎസ്‌സി വഴി നടത്തിയ പരീക്ഷയിൽ ആണ് വലിയ തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസ് എടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
2021ൽ രാജസ്ഥാൻ പി.എസ്.സി നടത്തിയ പരീക്ഷയിലാണ് ക്രമക്കേട് ഉണ്ടായിരിക്കുന്നത്. 2022ൽ നടന്ന സീനിയർ ടീച്ചർ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു പിഎസ്അംഗമായ ബി എൽ കാതാരയെ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് അറസ്റ്റിലായ പിഎസ്‌സി അംഗം രാമു റാം റെയ്കയുടെ തട്ടിപ്പ് പുറത്തായത്. ഇതോടെ ജോലി ലഭിച്ച് പരിശീലനം തുടരുന്ന ഉദ്യോഗാർത്ഥികളെ വീണ്ടും പരീക്ഷ എഴുതിയ്ക്കുകയായിരുന്നു.
രാമു റാം റെയ്‌കെയുടെ മകൾ ശോഭ റെയ്ക (26), മകൻ ദേവേഷ് റെയ്ക (27) എന്നിവർക്ക് പുറമെ മറ്റ് എസ്.ഐ ട്രെയിനികളായ മഞ്ജു ദേവി (30), അവിനാഷ് പൽസാനിയ (28), വിജേന്ദ്ര കുമാർ (41) എന്നിവർക്കാണ് ക്രമക്കേടിലൂടെ ജോലി ലഭിച്ചത്. നിലവിൽ ഇവർ അറസ്റ്റിലാണ്.
2021ലെ എസ്.ഐ പരീക്ഷയിൽ ഏറ്റവും ഉയർന്ന റാങ്കുകൾ വാങ്ങിയ ഉദ്യോഗാർത്ഥികളായിരുന്നു ഇവർ. ഇവരുൾപ്പെടെ മുഴുവൻ പേർക്കും പുന:പരീക്ഷ നടത്തിയിരുന്നു. എന്നാൽ ഈ അഞ്ച് പേർക്കും വലിയ കുറവ് മാർക്കായിരുന്നു ലഭിച്ചത്.
രാമു റാം റെയ്കയുടെ മകൾ ശോഭയ്ക്ക് അന്ന് നടന്ന പരീക്ഷയിൽ അഞ്ചാം റാങ്കും മകൻ ദേവേഷിന് നാൽപതാം റാങ്കുമാണ് ഉണ്ടായിരുന്നത്. എന്നാൽ പുന:പരീക്ഷയിൽ ശോഭ ദയനീയമായി പരാജയപ്പെടുകയായിരുന്നു. 11-ാം റാങ്ക് നേടിയ മഞ്ജു ദേവിക്ക് ആദ്യപരീക്ഷയിൽ നൂറിലധികം മാർക്കായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പുന:പരീക്ഷയിൽ 50 മാർക്ക് പോലും തികയ്ക്കാൻ കഴിഞ്ഞില്ല. പലർക്കും അടിസ്ഥാന പൊതുവിജ്ഞാന ചോദ്യങ്ങൾ പോലും അറിയില്ലായിരുന്നു എന്നാണ് പോലീസുകാർ പറയുന്നത്.
Discussion about this post