കേര നിരകളാടും ഒരു ഹരിത ചാരു തീരം,പുഴയോരം കള മേളം കവിത പാടും തീരം… കേരളത്തെ കുറിച്ചുള്ള മനോഹരമായ കവിയുടെ വർണനയുടെ രണ്ടുവരിയാണിത്. കേരവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ നാടിന് കേരളമെന്ന് പേരുവന്നത് ചരിത്രം. ഇന്ന് ലോക നാളികേരള ദിനത്തിൽ കേരളത്തിന് അത്ര സന്തോഷിക്കാൻ വകയില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് തെങ്ങിന്റെ കാര്യം പറഞ്ഞ് ശക്തി കാണിക്കാനുള്ള അവസരം കേരളത്തിന് നന്നേ കുറഞ്ഞുവരികയാണ്. ഗുജറാത്ത് തെങ്ങ് കൃഷിയിൽ വലിയ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കേരളത്തിൽ പ്രതിവർഷം തെങ്ങൊന്നിൽ നിന്ന് 12 കുലമാത്ര കിട്ടുമ്പോൾ ഗുജറാത്തിൽ വെട്ടുന്നത് 18 കുലയാണ്. കേരളത്തിൽ തേങ്ങയ്ക്ക് ശരാശരി വില 20 രൂപയാണെങ്കിൽ ഗുജറാത്തിൽ ഇത് 30 രൂപയാണ്. മൂപ്പെത്തി തേങ്ങയായാണ് കേരളം പണം ആക്കുന്നതെങ്കിൽ ഗുജറാത്തിൽ കരിക്കാകുമ്പോഴെ കാശ് കൊയ്ത് തുടങ്ങും. വലിയ പ്രോത്സാഹനമാണ് ഗുജറാത്ത് സർക്കാർ കേരകർഷകർക്ക് നൽകുന്നത്. ഹെക്ടറിന് 37,500 രൂപ വരെയാണ് സഹായം നൽകുന്നത്.
തെങ്ങ് കൃഷി വ്യാപ്തിയിൽ മാത്രമാണ് കേരളം ഒന്നാമത്. നാളികേര ഉത്പാദനത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക് പതിച്ചുകഴിഞ്ഞു.2022 വരെ നാളികേര ഉത്പാദനത്തിൽ കേരളം ഒന്നാമതായിരുന്നു. ഇപ്പോൾ കർണാടകയ്ക്കും തമിഴ്‌നാടിനും പിന്നിലാണ് കേരളത്തിന്റെ സ്ഥാനം. കർണാടക പ്രതിവർഷം 726 കോടിയും തമിഴ്‌നാട് 579 കോടി, കേരളം 565 കോടി രൂപ എന്നിങ്ങനെയാണ് ഉത്പാദനം
കേരളത്തിൽ 7.6 ലക്ഷം ഹെക്ടറിലാണ് തെങ്ങ് കൃഷി ചെയ്യുന്നതെങ്കിൽ ഗുജറാത്തിൽ 25,000 ഹെക്ടറിൽ മാത്രമാണ് കൃഷിയുള്ളത്. കേരളത്തിലേത് ഭൂരിഭാഗവും പുരയിട കൃഷിയാണ്. ഒരു തെങ്ങിൻകുല മൂപ്പെത്താൻ 12 മാസം വേണം. കേരളത്തിൽ കരിക്കുവെട്ടുന്നത് 6-7 മാസമെടുത്താണ്,ഗുജറാത്തിൽ 4-5 മാസം മൂപ്പിൽ കരിക്കുവെട്ടും. വെള്ളം മാത്രം അതിലുണ്ടാവുമ്പോഴാണ് വിളവെടുപ്പ്. 5 ാം മാസത്തിൽ കരിക്കുവെട്ടുന്നത് കൊണ്ട് കൂടുതൽ പൂങ്കുലകൾ ഉണ്ടാവുകയും 18 കുല വരെ ലഭിക്കുകയും ചെയ്യുന്നു. 250 മുതൽ 300 കരിക്ക് വരെ ഉത്പാദിപ്പിച്ച് നേട്ടം കൊയ്യുന്നു.
2009 മുതലാണ് നാളികേര ദിനം ആചരിക്കാൻ ആരംഭിച്ചത്. പ്രധാനമായും തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പാസേജിക് കോക്കനട്ട് കമ്മ്യൂണിറ്റിയാണ് (എ പി സി സി) നാളികേര ദിനത്തെ ശ്രദ്ധേയമാക്കിയത്.ലോകത്ത് ഏറ്റവും കൂടുതൽ നാളികേരം ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം
Discussion about this post