തൃശ്ശൂർ: കുന്നംകുളത്ത് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ചു. കുന്നംകുളം- ഗുരുവായൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഷോണി ബസ് ആണ് മോഷണം പോയത്. ബസ് ഉടമ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബസുമായി മോഷ്ടാവ് കടന്നുകളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി സർവ്വീസ് അവസാനിപ്പിച്ച് പുതിയ സ്റ്റാൻഡിൽ നിർത്തിയിട്ടതായിരുന്നു ബസ്. എന്നാൽ രാവിലെ ഉടമ എത്തിയപ്പോഴാണ് ബസ് മോഷണം പോയതായി വ്യക്തമായത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പുലർച്ചെ 4.10 നാണ് ബസ് മോഷണം പോയത് എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. 4.13ന് ബസ് പഴയ സ്റ്റാൻഡിന് മുൻപിലൂടെ കടന്ന് പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ചാട്ടുകുളത്തെ സിസിടിവി ക്യാമറയിലും മോഷ്ടാവ് ബസ് ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
കുന്നക്കുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Discussion about this post