എറണാകുളം: ലൈംഗികാതിക്രമ കേസിൽ ഹൈക്കോടതിയെ സമീപിച്ച് സംവിധായകൻ രഞ്ജിത്ത്. അറസ്റ്റ് തടയണമെന്നും മുൻകൂർ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ അപേക്ഷ നൽകി. അസുഖബാധിതനാണെന്നാണ് രഞ്ജിത്ത് കോടതിയെ അറിയിച്ചിട്ടുള്ളത്.
ബംഗാളി നടിയുടെ പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്‌റ്റൊഴിവാക്കാനുള്ള രഞ്ജിത്തിന്റെ നീക്കം. സിനിമയിൽ അവസരം നൽകാത്തതിന്റെ നിരാശയിലാണ് തനിക്കെതിരെ നടി പരാതി നൽകിയത് എന്ന് രഞ്ജിത്തിന്റെ ഹർജിയിൽ വ്യക്തമാക്കുന്നു. നടിയുമായി സംസാരിക്കുമ്പോൾ സിനിമയിലെ മറ്റ് അണിയറപ്രവർത്തകരും തനിക്കൊപ്പം ഉണ്ടായിരുന്നു. അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വേളയിൽ അറസ്റ്റ് ഒഴിവാക്കണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
നടിയുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് എടുത്തിട്ടുള്ളത്. അന്വേഷണം ശക്തമായി പുരോഗമിക്കുകയാണ്. അറസ്റ്റ് ഉണ്ടാകുമെന്ന ഘട്ടം എത്തിയതോടെയാണ് രഞ്ജിത്ത് പരാതി നൽകിയിരിക്കുന്നത്. ലൈംഗികാതിക്രമത്തിന് മറ്റൊരു കേസും രഞ്ജിത്തിനെതിരെ നിലവിൽ ഉണ്ട്.
കോഴിക്കോട് സ്വദേശിയായ യുവാവിൻറെ പരാതിയിൽ പ്രകൃതി വിരുദ്ധ പീഡനത്തിനാണ് സംവിധായകനെതിരെ കേസ് എടുത്തിരിക്കുന്നത്. കോഴിക്കോട് കസബ പോലീസാണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post