ചെന്നൈ : വേളാങ്കണ്ണി തീർത്ഥാടനത്തിൻറെ നാളുകൾ എത്തി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് വിശ്വാസികൾ ആരോഗ്യമാതാവിൻറെ മാധ്യസ്ഥം തേടി ഇവിടേക്ക് വന്നെത്തും. ഇതിന്റെ പശ്ചാത്തലത്തിൽ തീർത്ഥാടകർക്കായി സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തി റെയിൽവേ മന്ത്രാലയം.
ഗോവയിലെ മഡ്ഗാവിൽ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ട്രെയിൻ നമ്പർ 01007 മഡ്ഗാവ് ജംഗ്ഷൻ- വേളാങ്കണ്ണി – സ്പെഷ്യൽ എക്സ്പ്രസ്: സെപ്റ്റംബർ ആറിന് ഉച്ചയ്ക്ക് 12.30ന് ഗോവയിലെ മഡ്ഗാവിൽ നിന്ന് പുറപ്പെടും. സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് ഈ ട്രെയിൻ വേളാങ്കണ്ണിയിലെത്തും.
ട്രെയിൻ നമ്പർ 01008 വേളാങ്കണ്ണി-മഡ്ഗാവ് ജംഗ്ഷൻ സ്പെഷ്യൽ എക്സ്പ്രസ്: ഈ ട്രെയിൻ സെപ്റ്റംബർ ഏഴിന് രാത്രി 11.55ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് സെപ്റ്റംബർ എട്ടിന് രാത്രി 11 മണിയ്ക്ക് ഗോവയിലെ മഡ്ഗാവിലെത്തും.
ഈ സ്പെഷ്യൽ ട്രെയിനിന് കാർവാർ,കുംത, ഹോണാവാർ, മുരുഡേശ്വർ,ഭത്കാൽ,മൂകാംബിക റോഡ് ബൈണ്ഡൂർ, കുന്തപുര, ഉഡുപ്പി, സുരത്കാൽ, മംഗളുരു ജംഗ്ഷൻ, കാസർഗോഡ്, പയ്യന്നൂർ,കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജംഗ്ഷൻ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, കരൂർ ജംഗ്ഷൻ, തിരുച്ചിറപ്പള്ളി ജംഗ്ഷൻ,തഞ്ചാവൂർ ജംഗ്ഷൻ, തിരുവാരൂർ ജംഗ്ഷൻ, നാഗപട്ടണം സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടായിരിക്കും.
തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലാണ് വേളാങ്കണി സ്ഥിതി ചെയ്യുന്നത്. മറ്റു ദേവാലയങ്ങളിൽ നിന്നും വ്യത്യസ്തമായി സാരിയെടുത്ത് കൈക്കുഞ്ഞിനെ പിടിച്ചു നിൽക്കുന്ന മാതാവിനെയാണ് ഇവിടെ ആരാധിക്കുന്നത്. കടലും പുഴയും സംഗമിക്കുന്ന ഭൂമിയിൽ, പട്ടുസാരിയുടുത്ത്.. ഉണ്ണിയേശുവിനെ കൈകളിലേന്തിയുള്ള മാതാവിന്റെ തിരുരൂപം… നാനാജാതിയിൽപ്പെട്ട വിശ്വാസികൾ എത്തിച്ചേരുന്ന ദേവാലയം. ആഗസ്റ്റ് 29 മുതൽ സെപ്തംബർ എട്ടുവരെയാണ് ഇവിടുത്തെ തിരുനാൾ. വിശ്വാസികൾ ധാരാളമെത്തുന്ന ഈ ദിവസങ്ങളിൽ വേളാങ്കണ്ണിയിൽ തിരക്കും ഏറെയാണ്.
Discussion about this post