തിരുവനന്തപുരം; കഴിഞ്ഞ കുറച്ച് രാഷ്ട്രീയ കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ വെളിപ്പെടുത്തലുകൾ നടത്തി സോഷ്യൽമീഡിയയിലും വാർത്താ ചാനലുകളിലും ഒരുപോലെ താരമായ ആളാണ് നിലമ്പൂർ എംഎൽഎ പിവി അൻവർ. സോളാർ കേസ് അട്ടിമറിക്കൽ,പൂരം കുളമാക്കൽ,മുഖ്യമന്ത്രിയുടെ ഓഫീസിലെ കെടുംകാര്യസ്ഥത,പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ ആരോപണം… കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് ഗംഭീര ആരോപണങ്ങളുമായി മാദ്ധ്യമങ്ങൾക്ക് മുമ്പിലെത്തിയത്.
ഗുരുതര വെളിപ്പെടുത്തലുകളിൽ ആഭ്യന്തരവകുപ്പ് നയിക്കുന്ന മുഖ്യമന്ത്രി വര അങ്കലാപ്പിലായെന്ന് വേണം പറയാൻ. ഫോൺ സംഭാഷണത്തിലൂടെ പത്തനംതിട്ട എസ്പി സുജിത് ദാസിന്റെ വിക്കറ്റ് തെറിക്കുകയും, എഡിജിപി അജിത് കുമാറിനെ മാറ്റിനിർത്താനുള്ള തീരുമാനത്തിലേക്ക് എത്തുകയും ചെയ്തു കാര്യങ്ങൾ. പരസ്യമായി പൊതുവേദിയിൽ വച്ച് അന്വേഷണം പ്രഖ്യാപിക്കുന്നത് വരെയെത്തി കാര്യങ്ങൾ. സംഭവം കൈവിട്ട് പോകുമെന്ന് പാർട്ടിയ്ക്ക് തോന്നിത്തുടങ്ങിയപ്പോഴേക്കും പിവി അൻവർ കൂടുതൽ സ്റ്റാറായി. പ്രതിപക്ഷവും മാദ്ധ്യമങ്ങളും ഏറ്റെടുത്തു. അതിനിടെ തനിക്ക് സുരക്ഷാ പ്രശ്‌നമുണ്ടെന്ന് ആരോപിച്ച് തോക്കിന് ലൈസൻസ് അപേക്ഷ വരെ നൽകി പിവി അൻവർ.
പക്ഷേ ഒറ്റ ദിവസങ്ങൾ കൊണ്ട് കാര്യങ്ങൾ മാറിമറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് ഏറെക്കുറെ പത്തിതാഴ്ത്തിയാണ് പിവി അൻവർ മാദ്ധ്യമങ്ങൾക്ക് മുൻപിലെത്തിയത്. വിഷയം കൂടുതൽ അവിയൽപരുവത്തിലാവാതിരിക്കാൻ മുഖ്യമന്ത്രി താക്കീത് നൽകിയെന്നാണ് അനുമാനം. പോയ ആർജ്ജവമോ വാക്കുകളിലെ ശക്തിയോ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം ഉണ്ടായില്ല. താൻ സഖാവാണെന്നും സഖാവിന്റെ ഉത്തരവാദിത്വം കഴിഞ്ഞെന്നുമുള്ള അഴകൊഴമ്പൻ ഉത്തരം പക്ഷേ മാദ്ധ്യമങ്ങൾക്ക് പിടിച്ചില്ല. തിരിച്ചും മറിച്ചും ചോദിച്ചിട്ടും പവി അൻവർ കൂടുതൊന്നും പറയാൻ കൂട്ടാക്കിയില്ല.
മുഖ്യമന്ത്രിയെ കണ്ട് വിശദമായ കാര്യങ്ങൾ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങൾ എത്തിച്ചു. സത്യസന്ധമായ അന്വേഷണം നടക്കും. പാർട്ടി സെക്രട്ടറിക്കും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകും. ഒരു സഖാവെന്ന നിലയിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. അന്വേഷണ ഏജൻസികളുമായി സഹകരിക്കും. എല്ലാ കാര്യങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്തു. അജിത് കുമാറിനെ മാറ്റുക എന്നത് എന്റെ ഉത്തരവാദിത്തം അല്ല. ആരെ മാറ്റണം എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. പരാതി നോക്കിയേ ഉള്ളൂ. ആര് മാറണം എന്ന് എനിക്ക് പറയാൻ പറ്റില്ലെന്നായിരുന്നു പിവി അൻവറിന്റെ വാക്കുകൾ. പോലീസിലെ ഒരു വിഭാഗം സർക്കാരിന് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. അതാണ് ചൂണ്ടിക്കാണിച്ചത്. പുഴുക്കുത്തുകൾ തുറന്നു കാണിച്ചു. എഡിജിപിയെ മറ്റുമെന്നാണ് പ്രതീക്ഷ. സഖാവെന്ന ദൗത്യം നിറവേറ്റിയെന്ന് നിലമ്പൂർ എംഎൽഎ പറഞ്ഞു.
നിലമ്പൂർ എംഎൽഎയുടെ ഈ മലക്കം മറിച്ചിലിനെ വലിയ രീതിയിലാണ് സോഷ്യൽമീഡിയയിൽ ആളുകൾ ട്രോളുന്നത്. നനഞ്ഞ പടക്കം ഇതിനേക്കാൾ ചീറ്റും അംബൂക്ക എന്നാണ് ഒരു വിരുതൻ പറഞ്ഞിരിക്കുന്നത്.
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ എന്ന ജ്ഞാനപ്പാനയിലെ വരികളും പിവി അൻവറിന്റെ ചിത്രം ചേർത്ത് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. മലപോലെ പോയത് എലിപോലെ വന്നതെന്ന തരത്തിലും ട്രോളുകൾ വരുന്നുണ്ട്.
Discussion about this post