തിരുവനന്തപുരം : എനിക്കിതൊന്നും പുതിയ കാര്യമല്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയത് മുതൽ താൻ ആക്രമണം നേരിടുന്നുണ്ട്. ഇത് എല്ലാം ഒറ്റയ്ക്ക് നിന്ന് പൊരുതിയാണ് താൻ ഇവിടെ വരെ എത്തിയത് എന്ന് പി ശശി പറഞ്ഞു. എംഎൽഎ പി വി അൻവർ ഉന്നയിച്ച രൂക്ഷമായ വിമർശനങ്ങൾക്കെിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആളുകൾക്ക് എന്ത് വേണമങ്കിലും പറയാൻ സാധിക്കും. അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് പകയില്ല, ഭയവും തോന്നുന്നില്ല. ഇത് എനിക്ക് പുതിയ കാര്യമല്ല. 1980-ൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതുമുതൽ ഞാൻ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. എന്നിട്ടും ഞാൻ ഇത്രയും ദൂരം എത്തിയിരിക്കുന്നു. അതുതന്നെ ധാരാളം’, ശശി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശി പൂർണപരാജയമാണ് എന്നാണ് അൻവർ ആരോപിച്ചത്. ഡിജിപി എം.ആർ. അജിത്കുമാറുമായി അനധികൃത ഇടപാടുണ്ടെന്നടക്കമുള്ള ഗുരതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.
അതേസമയം പി ശശിക്കെതിരെ പി വി അൻവർ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നൽകിയിരുന്നു. ഈ പരാതി സിപിഎം അന്വേഷിക്കും എന്നാണ് വിവരം. അൻവറിന്റെ പരാതി ഗൗരവത്തോടെ കാണണമെന്നാണ് സിപിഎം നേതൃത്വത്തിൽ ധാരണയായിരിക്കുന്നത്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഈ പരാതികൾ സംബന്ധിച്ച് ചർച്ച നടക്കുമെന്നാണ് വിവരം.
Discussion about this post