സമയം രാവിലെ 10മണി, അധികം തിരക്കില്ലാത്ത ശാന്തമായ റോഡ്,ഹോണടികൾ ഇല്ലാതെ സമാധാനത്തോടെ പോകുന്ന വാഹനങ്ങൾ ഹായ് എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം അല്ലേ.. ഗതാഗതക്കുരുക്കില്ലാത്ത ഒരുദിവസം പോലും നമുക്ക് ആലോചിക്കാനേ പറ്റില്ല. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ചിലപ്പോൾ 10 മിനിറ്റ് ചിലപ്പോൾ മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽപ്പെട്ട് ക്ഷമ നശിച്ചവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ദിവസങ്ങളോളം ഗതാഗതക്കുരുക്കിൽ പെടുന്ന അവസ്ഥയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
എന്നാൽ അങ്ങനെയും സംഭവിച്ചു. ഇവിടെ അല്ല നമ്മുടെ തൊട്ട് അയൽപ്പക്കത്ത് ചൈനയിൽ. തലസ്ഥാനമായ ബീജിംഗിലാണ് അത് സംഭവിച്ചത്. 2010 ഓഗസ്റ്റ് 14 നായിരുന്നു ചൈനക്കാർ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ആ ഗതാഗത കുരുക്ക് ഉണ്ടായത്.ബീജിംഗ്-ടിബറ്റ് ഹൈവേയിൽ 100 കിലോമീറ്റർ നീളമുള്ള ഗതാഗതക്കുരുക്കാണ് ഉണ്ടായത്. 12 ദിവസമാണ് ഇത് നീണ്ടുനിന്നത്.
ബീജിംഗ്-ടിബറ്റ് ഹൈവേയിൽ കൽക്കരി നിറച്ച ട്രക്കുകൾ സഞ്ചരിച്ചിരുന്നു. ഈ നിർമാണ സാമഗ്രികളെല്ലാം മംഗോളിയയിൽ നിന്ന് ബെയ്ജിംഗിലേക്ക് പോകുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ട്രക്കുകൾക്ക് വഴിയൊരുക്കുന്നതിന് എക്സ്പ്രസ് വേയിലെ എല്ലാ വാഹനങ്ങളും ഒറ്റവരിപ്പാതയിൽ ഓടിക്കാൻ ഉത്തരവിട്ടു. ഈ സമയം വാഹനങ്ങളെല്ലാം ഇവിടെ കുരുങ്ങിത്തുടങ്ങി. നിമിഷനേരം കൊണ്ട് ഹൈവേയിൽ 100 കിലോമീറ്ററോളം ഗതാഗതക്കുരുക്കുണ്ടായി.
ഈ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ, പ്രാദേശിക ഭരണകൂടം ഹൈവേയിൽ നിന്ന് ട്രക്കുകൾ നീക്കം ചെയ്യാൻ തീരുമാനിച്ചു. എല്ലാ ട്രക്കുകളും ഒന്നൊന്നായി ഹൈവേയിൽ നിന്ന് നീക്കം ചെയ്യുകയും ഹൈവേയുടെ രണ്ട് പാതകളും തുറക്കുകയും ചെയ്തു.അങ്ങനെ, 12 ദിവസത്തിനുശേഷം, 2010 ഓഗസ്റ്റ് 26 ന്, ഈ ഗതാഗതക്കുരുക്ക് അവസാനിച്ചു.
12 ദിവസമായി ഈ കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ ജീവിതം പരിതാപകരമായിരുന്നു. എല്ലാവരും അവരവരുടെ കാറുകൾ താത്ക്കാലിക താമസസ്ഥലങ്ങളാക്കി. നീണ്ട ഈ തിരക്ക് കാരണം ഹൈവേയിൽ ലഘുഭക്ഷണം, ശീതളപാനീയങ്ങൾ, നൂഡിൽസ്, വെള്ളം എന്നിവ വിൽക്കുന്ന കടകൾ പോലും തുറന്നു. പ്രാദേശിക വിൽപ്പനക്കാർ പത്തിരിട്ടി വരെ വില അധികം ഈടാക്കിയാണ് സാധനങ്ങൾ വിറ്റിരുന്നതത്രേ.
ഒരു ദിവസത്തിൽ ഒരു കിലോമീറ്റർ എന്ന വളരെച്ചെറിയ തോതിലാണ് വാഹനങ്ങൾ നീങ്ങിയതെന്ന് പിന്നീട് ഈ സംഭവത്തെപ്പറ്റി ഗവേഷണം നടത്തിയ വിദഗ്ധർ കണ്ടെത്തി.
Discussion about this post