വൈവിധ്യമാർന്ന വസ്ത്രങ്ങളുടെ മഹോത്സവം കൂടിയാണ് ഓണം. ഓണാഘോഷത്തിനായി മലയാളക്കരയിലെ സ്ത്രീകളും പുരുഷന്മാരും എല്ലായ്പ്പോഴും പരമ്പരാഗത വസ്ത്രങ്ങൾ തന്നെയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഓരോ വർഷവും കേരളത്തിന്റെ പരമ്പരാഗത ശൈലിയോടൊപ്പം അല്പം വ്യത്യസ്തത കൊണ്ടുവന്ന് ഒരുക്കുന്ന ഫ്യൂഷൻ വസ്ത്രങ്ങളാണ് തരംഗമാവാറുള്ളത്. ഇത്തവണയും ഇതേ രീതിയിലുള്ള ഫ്യൂഷൻ വസ്ത്രങ്ങളാണ് ഓണ വിപണി കീഴടക്കുന്നത്.
ഈ വർഷത്തെ ഓണത്തിന് സ്ത്രീകൾക്കിടയിൽ തരംഗമാവുന്നത് ല്യുറെക്സ് ജോർജറ്റ് തുണിത്തരങ്ങൾ കൊണ്ടുള്ള വസ്ത്രങ്ങളാണ്. ഓഫ് വൈറ്റിൽ ഗോൾഡൻ സിൽക്ക് സ്ട്രൈപ്സ് വരുന്ന ഈ തുണിയിൽ ഏതുതരത്തിലുള്ള വസ്ത്രങ്ങളും ഒരുക്കിയെടുക്കാൻ കഴിയുന്നതാണ്. കേരള ശൈലിയിലുള്ള പാവാടയോ ദാവണിയോ ഉത്തരേന്ത്യൻ ശൈലിയിലുള്ള സാരിയോ ചുരിദാറോ എന്തുതന്നെ വേണമെങ്കിലും ഈ മെറ്റീരിയൽ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്നതാണ്. ഡയബിൾ മെറ്റീരിയൽ ആണ് എന്നുള്ളതിനാൽ ഇഷ്ടമുള്ള ഏത് നിറങ്ങളിലേക്കും ഈ തുണിത്തരത്തെ മാറ്റാനും കഴിയുന്നതാണ്.
എല്ലാ വർഷങ്ങളിലെയും പോലെ ഈ വർഷവും ടിഷ്യൂ മെറ്റീരിയൽ തന്നെയാണ് ഓണവിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. സ്ത്രീകൾക്ക് കേരള സെറ്റ് സാരിയും പുരുഷന്മാർക്ക് ടിഷ്യൂ സിൽക്ക് ഷർട്ടുകളും ആണ് എല്ലാ വർഷത്തെയും പോലെ പ്രിയങ്കരമായ വസ്ത്രങ്ങൾ. പുരുഷന്മാരുടെ വസ്ത്രത്തിൽ മ്യൂറൽ പെയിന്റഡ് ഡിസൈനുകൾ ഇത്തവണയും ട്രെൻഡിങ് ആണ്. ഷർട്ടുകളിലും മുണ്ടിന്റെ കരയോട് ചേർന്നും മ്യൂറൽ പെയിന്റിംഗ് കൊടുക്കുന്നത് ഒരു പ്രൗഢഗംഭീരമായ ലുക്ക് ആണ് പുരുഷന്മാർക്ക് നൽകുന്നത്. സ്ത്രീകളുടെ സാരികളിലും ഇതേ രീതിയിൽ വരുന്ന മ്യൂറൽ പെയിന്റിംഗ് ഇത്തവണയും വിപണിയിൽ ധാരാളമായി കാണാൻ കഴിയുന്നുണ്ട്.
മ്യൂറൽ ഡിസൈനുകളിൽ പരമ്പരാഗത രീതിയിലുള്ള കൃഷ്ണൻ, മയിൽപീലി ചിത്രങ്ങൾക്ക് പകരം ഈ വർഷം ഫ്ലോറൽ ഡിസൈനുകളാണ് കൂടുതലായി തരംഗമായിട്ടുള്ളത്. ഫ്യൂഷൻ ഡിസൈനുകളിൽ ടിഷ്യു, ല്യുറെക്സ് ജോർജറ്റ് എന്നിവയ്ക്കൊപ്പം അജ്രക് പ്രിന്റുകൾ ആണ് ട്രെൻഡ് ആയിട്ടുള്ളത്. പുരുഷന്മാരുടെ വസ്ത്രങ്ങളിലും അജ്രക് പ്രിന്റുകൾ തരംഗമാണ്. ഇതോടൊപ്പം തന്നെ സ്ത്രീകൾക്കിടയിൽ സിമ്പിൾ ടിഷ്യു സൽവാറിനോടൊപ്പം ഹെവി മിറർ വർക്ക്ഡ് ദുപ്പട്ടകളും ഈ ഓണക്കാലത്ത് ട്രെൻഡ് ആയി മാറിയിരിക്കുകയാണ്.
Discussion about this post