തിരുവനന്തപുരം: വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം നേടി കേരളമെന്ന വാർത്തകളിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.
വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളും പരിഷ്‌കാരങ്ങളും അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലിൽ ഒമ്പത് വിഭാഗങ്ങളിൽ കേരളം മുന്നിലെത്തി. 95% ലേറെ മാർക്ക് കരസ്ഥമാക്കിയ ടോപ്പ് പെർഫോർമർ പട്ടികയിൽ ഉൾപ്പെട്ട സംസ്ഥാനങ്ങളിലും കേരളമാണ് ഏറ്റവും മുന്നിലെന്ന വാർത്തയുടെ സത്യാവസ്ഥ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തുറന്നുകാട്ടിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
രാവിലത്തെ പത്രപാരായണം കഴിഞ്ഞ് എഴുന്നേറ്റത് അഭിമാന വിജൃംഭിതനായാണ്.
വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ കേരളം ഒന്നാമത് എന്ന വാർത്ത വായിച്ചപ്പോൾ സത്യത്തിൽ അഭിമാനം തോന്നി. കേന്ദ്രമന്ത്രി പീയൂഷ് ?ഗോയൽ എന്തോ മെമന്റോ കൊടുക്കുന്ന പടവുമുണ്ട്. ഓരോ മലയാളിക്കും അഭിമാനമുണ്ടായിക്കാണും സംശയമില്ല. പക്ഷേ ‘അന്തർദേശീയ’ മലയാള ദിനപത്രങ്ങളിലല്ലാതെ മറ്റെങ്ങും ഇങ്ങനെയൊരു വാർത്തയില്ല. രാജ്യത്തെ മുഴുവൻ മാധ്യമങ്ങളിലും വൻ പ്രാധാന്യത്തോടെ വരേണ്ട വാർത്തയാണിത്. വരാറുമുണ്ട്. ഇനി ഖേരളം ഗതി പിടിക്കുന്നതിൽ കണ്ണു കടിയുള്ള ഉത്തരേന്ത്യൻ ഗോസായിമാരുടെ അസൂയയാണോ വാർത്ത വരാത്തത്തിന് പിന്നിൽ എന്നും സംശയിച്ചു.
അതു കൊണ്ട് മലയാളം വാർത്ത പലതവണ വായിച്ചു. ‘ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി തന്നെ പറഞ്ഞു’ എന്നല്ലാതെ മറ്റാരും അങ്ങനെ പറഞ്ഞതായി അന്തർദേശിയ മലയാളം മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കേരള സർക്കാരിന് കീഴിലുള്ള കെഎസ്‌ഐഡിസി ഇങ്ങനെ ഒരു പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാൻഡേർഡ്, ഇക്കണോമിക് ടൈംസ്, ഇന്ത്യൻ എക്‌സ്പ്രസ്, ഡെക്കാൻ ഹെറാൾഡ് തുടങ്ങിയ കുറേ ‘ലോക്കൽ’ ഇം?ഗ്ലീഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചിട്ടുമില്ല.
ഞാൻ നടത്തിയ അന്വേഷണത്തിൽ മനസിലായ കാര്യങ്ങൾ ഇങ്ങനെ.
ഡിപ്പാർട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡ് (DPIIT) നൽകുന്ന ബിസിസ് റിഫോംസ് ആക്ഷൻ പ്ലാൻ 2022 (BRAP 22) അവാർഡാണ് കേരളത്തിന് കിട്ടിയത്. അതായത് നിലവിലെ മോശം അവസ്ഥ പരിഹരിക്കുന്നതിന് നടപ്പാക്കിയ പരിഷ്‌കാരങ്ങളിൽ ഒന്നാമത്. ആകെ 30 ഘടകങ്ങളാണ് പരിശോധിച്ചത്. അതിൽ 9 എണ്ണത്തിൽ ഒന്നാമതെത്തിയത് കേരളമാണ് എന്ന് മാത്രം. അതിൽ തന്നെ ബിസിനസ് കേന്ദ്രീകൃതമായി 2 ഘടകങ്ങൾ മാത്രമാണ് മെച്ചപ്പെട്ടത്. ബാക്കി 7 എണ്ണവും പൗരകേന്ദ്രീകൃതമാണ്. വ്യാവസായിക സൗഹാർദ്ദ അന്തരീക്ഷത്തിന്റെ കാര്യത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ മൂന്നായി തിരിച്ചിട്ടുണ്ട്. അതിൽ മൂന്നാം ഗ്രൂപ്പിലാണ് കേരളം. ഈ അന്തരീക്ഷം മെച്ചപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് ചില കടമ്പകൾ ഏർപ്പെടുത്തി. അതിലാണ് കേരളം സ്ഥാനം മെച്ചപ്പെടുത്തിയത്. അതായത് സിവിൽ സർവീസ് പരീക്ഷയിൽ തോറ്റ ശേഷം പിഎസ്സി പരീക്ഷ എഴുതി വിജയിച്ചപ്പോൾ ഐ.എ.എസ് കിട്ടി എന്ന് അവകാശപ്പെടുന്നത് പോലെയുള്ള ഒരു ഗീർവാണം.
ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ് റാങ്കും ഈ റാങ്കും രണ്ടും രണ്ടാണ്, അത് ‘വേ’ ഇത് ‘റേ’. മാത്രവുമല്ല, മലയാള പത്രങ്ങളിൽ കോപ്പി, പേസ്റ്റ് വാർത്ത വന്നല്ലോ, അതെങ്ങനെ സംഭവിച്ചു?. കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് സർക്കാരും മാധ്യമങ്ങളുമാണ്. കേരളത്തിന്റെ ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ് റാങ്ക് മെച്ചപ്പെട്ടോ? എങ്കിൽ അതിന്റെ വാർത്താ ഉറവിടം എന്താണ്? ഇനി അതല്ല, ഇത് വ്യവസായവുമായി ബന്ധപ്പെട്ട മറ്റൊരു ഭാഗിക/പരോക്ഷ റാങ്കിംഗ് ആണെങ്കിൽ, അതും മുൻവർഷ ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ് റാങ്കുമായി തുലനം ചെയ്യുന്നതിന്റെ യുക്തി എന്താണ്?. മാധ്യമ പ്രവർത്തനത്തിൽ ആദ്യവും അവസാനവും വേണ്ടത്, ഉറവിടത്തിന്റെ ആധികാരികത ഉറപ്പാക്കലാണ്. താരതമ്യപ്പെടുത്താവുന്നത് തമ്മിലേ താരതമ്യപ്പെടുത്താവൂ എന്ന ആപ്തവാക്യവും മറക്കരുത്.
പി രാജീവിന് അജണ്ട ഉണ്ടാവുന്നത് മനസിലാക്കാം. പക്ഷേ അദ്ദേഹം തരുന്ന പത്രക്കുറിപ്പ് തൊണ്ട തൊടാതെ വിഴുങ്ങുന്ന മാധ്യമ പ്രവർത്തകരെ ഓർത്ത് സഹതാപം മാത്രം. കേരളം മികച്ചതായി കാണാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അപമാനമാണ് നിങ്ങൾ. മന്ത്രി മന്ദിരത്തിൽ നിന്ന് പുറന്തള്ളുന്ന എന്തും അമൃതായി കരുതി സേവിക്കരുത്. ചില പുന:പരിശോധനകൾ ഒക്കെ ആവാം.
Discussion about this post